'ഛത്രപതി ശിവജി മരിച്ചത് 1680ൽ, എഡിസൺ ബൾബ് കണ്ടുപിടിച്ചത് 1880ൽ'; അക്ഷയ് കുമാർ ചിത്രത്തിനെ ട്രോളി സോഷ്യല്‍മീഡിയ
നടന്‍റെ മറാത്തി അരങ്ങേറ്റം കൂടിയാണ് 'വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്'
ബോളിവുഡ് നടൻ അക്ഷയ് കുമാർ നായകനായി എത്തുന്ന 'വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറക്കാർ പുറത്ത് വിട്ടത്. അക്ഷയ് കുമാറിന്റെ മറാത്തി അരങ്ങേറ്റം കൂടിയാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും നടന്‍ സോഷ്യൽമീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്നാൽ ഈ വീഡിയോ പുറത്ത് വന്നതോടെ നടനെതിരെ വൻട്രോളുകളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ചില പ്രധാനപ്പെട്ട വസ്തുതാപരമായ പിശകുകൾ വീഡിയോയിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. അക്ഷയ് കുമാർ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടൻ നടന്നുവരുന്ന വീഡിയോ ക്ലിപ്പിൽ കൊട്ടാരത്തിൽ ആഡംബര ലൈറ്റുകൾ കാണിക്കുന്നുണ്ട്. ഇതാണ് പ്രധാനമായും ട്രോളുകൾക്ക് ഇരയായത്.
'1674 മുതൽ 1680 വരെ ശിവാജി ഭരിച്ചിരുന്നത്. എന്നാൽ 1880 ലാണ് തോമസ് എഡിസൺ ബൾബ് കണ്ടുപിടിച്ചത് ' എന്നാണ് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നത്. പിന്നാലെ താരത്തിനെതിരെയും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്. സിനിമയിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഛത്രപതി ശിവജിയുടെ കഥാപാത്രത്തിൻറെ ചെരുപ്പിനെ പോലും ട്രോളിയിരിക്കുകയാണ് ട്രോളൻമാർ.
സിംഹാസനത്തിൽ നിന്നും അക്ഷയ് കുമാറിൻറെ കഥാപാത്രം നടന്നു വരുന്ന രംഗമാണ് വീഡിയോയിൽ. ഇതിൽ താരം കാലുകളിൽ അണിഞ്ഞിരിക്കുന്നത് ഷൂസുകളാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അക്ഷയ് കുമാറിനെ ഛത്രപതി ശിവജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. 'ചരിത്ര കഥാപാത്രങ്ങൾക്കായി അക്ഷയ് കുമാറിന് മികച്ച തയ്യാറെടുപ്പ് ആവശ്യമാണ്. പൃഥ്വിരാജ് ചൗഹാൻ ആയും അക്ഷയ് കുമാർ നിരാശപ്പെടുത്തിയിരുന്നു. മികച്ച അഭിനയ വൈദഗ്ധ്യമുള്ള മറാത്തി സംസാരിക്കുന്ന നടനെ അവർക്ക് കണ്ടെത്താമായിരുന്നില്ലേ?' - എന്നടക്കമുള്ള കമന്റുകളാണ് ആരാധകർ പങ്കിടുന്നത്.
2023 ദീപാവലിക്ക് ചിത്രം മറാത്തി, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് വസീം ഖുറേഷിയാണ്. അക്ഷയ്ക്ക് പുറമെ ജയ് ദുധാനെ, ഉത്കർഷ ഷിൻഡെ, വിശാൽ നികം, വിരാട് മഡ്കെ, ഹാർദിക് ജോഷി, സത്യ, അക്ഷയ്, നവാബ് ഖാൻ, പ്രവീൺ തർദെ തുടങ്ങിയവരുംചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.