'ജയിലറിന് തിയറ്ററുകള്‍ നിഷേധിച്ചു'; സംവിധായകന്‍ ഒറ്റയാള്‍ സമരത്തിന്
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് സക്കീര്‍ മഠത്തില്‍
കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ജയിലര്‍ സിനിമയ്ക്ക് തിയറ്ററുകള്‍ നിഷേധിച്ചെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫിലിം ചേമ്പറിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുമെന്നും സക്കീര്‍ മഠത്തില്‍ അറിയിച്ചു.
ജയിലര്‍ എന്ന പേരില്‍ തമിഴ്, മലയാളം സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള സിനിമയുമാണ് ഒരേ ദിവസം റിലീസ് പ്രഖ്യാപിക്കപ്പെട്ടത്. ആഗസ്ത് 10നാണ് ഇരു ചിത്രങ്ങളും തിയറ്ററുകളിലെത്തുക. ജയിലര്‍ എന്ന പേരിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ തമ്മിലെ തര്‍ക്കം കോടതിയിലാണ്.
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് സക്കീര്‍ മഠത്തില്‍ പറഞ്ഞു. നമുക്കും വേണ്ടേ റിലീസുകളെന്നും അദ്ദേഹം ചോദിക്കുന്നു.
സക്കീര്‍ മഠത്തിലിന്‍റെ കുറിപ്പ്
"ഹായ്, ഞാൻ ജയിലർ സിനിമയുടെ സംവിധായകനാണ്. സക്കീർ മഠത്തിൽ. ധ്യാൻ ശ്രീനിവാസൻ നായകനായ എന്റെ സിനിമയ്ക്ക് തിയറ്ററുകൾ നിഷേധിച്ച വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. അതിന് എതിരെ ഇന്ന് വൈകിട്ട് 3 മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നിൽ ഞാൻ ഒറ്റയാൾ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമ ശ്വാസം മുട്ടുന്നു, നമുക്കും വേണ്ടേ റിലീസുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നിക്കൊണ്ടാണ് സമരം. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്നേഹികളുടെ മുന്നിലേക്ക് അറിയിക്കാൻ വന്നതാണ്. നന്ദി"