'അമല്‍ നീരദ് 'ഫോര്‍ ബ്രദേഴ്സിന്‍റെ' സി.ഡി കൈയ്യില്‍ തന്നു, ബിഗ് ബിയുടെ ബേസ് ആയി മാറിയത് ആ സിനിമ'; മമ്മൂട്ടി
അമല്‍ നീരദിന്‍റെ ഫോട്ടോഗ്രഫി രംഗത്തെ മികവാണ് ഇഷ്ടപ്പെടാന്‍ കാരണമെന്നും മമ്മൂട്ടി
2007ല്‍ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തുവന്ന ചിത്രമാണ് ബിഗ് ബി. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത സിനിമ പിന്നീട് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. കാലം തെറ്റിവന്ന സിനിമ എന്ന പേരില്‍ നിരന്തരം സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയമായ ബിഗ് ബിയുടെ തുടര്‍ച്ച സംവിധായകനായ അമല്‍ നീരദ് ബിലാല്‍ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായിരുന്നു. ഇപ്പോഴിതാ ബിഗ് ബിയുടെ പിറവിക്ക് പിന്നിലെ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ മമ്മൂട്ടി.
'ഫോര്‍ ബ്രദേഴ്സ്' എന്ന സിനിമയുടെ സി.ഡിയാണ് അമല്‍ നീരദ് ആദ്യം തരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അതായിരുന്നു ബിഗ് ബിയുടെ ബേസെന്നും മമ്മൂട്ടി യൂ ട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമല്‍ നീരദിന്‍റെ ഫോട്ടോഗ്രഫി രംഗത്തെ മികവാണ് ഇഷ്ടപ്പെടാന്‍ കാരണമെന്നും മലയാളത്തിലെ ഇന്നത്തെ രൂപത്തിലുള്ള ഫോട്ടോഗ്രഫിയുടെ തുടക്കം അമലില്‍ നിന്നായിരുന്നെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകള്‍:
അമല്‍ നീരദ് ഒരു സി.ഡിയാണ് എന്‍റെ കൈയ്യില്‍ കൊണ്ട് തന്നത്, ഫോര്‍ ബ്രദേഴ്സ് എന്ന സിനിമയുടെ സി.ഡി. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് അമല്‍ നീരദ് അന്ന് പറഞ്ഞു. അമല്‍ നീരദിനെ എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം ഫോട്ടോഗ്രഫിയാണ്. മലയാളത്തില്‍ ഇന്ന് കാണുന്ന ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലില്‍ നിന്നാണ്. അമലിന്‍റെ ശിഷ്യന്മാരാണ് പിന്നീട് ഫോട്ടോഗ്രഫി രംഗത്ത് തിളങ്ങിയത്.
ഫോട്ടോഗ്രഫി, സിനിമയെക്കുറിച്ചുള്ള സമീപനം, സങ്കല്‍പങ്ങള്‍ ഒക്കെ കൊണ്ടാണ് അമല്‍ നീരദിനെ ഇഷ്ടപ്പെട്ടത്. സൗത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്ലേവര്‍ ഉള്ള സിനിമ. ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരം ഒരു സിനിമ മലയാളത്തില്‍ എടുക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ നമ്മള്‍ അതില്‍ ഉണ്ടാവണ്ടേ എന്ന് തോന്നിയിട്ടാണ് ബിഗ് ബിയിലേക്ക് വരുന്നത്
2007 ഏപ്രില്‍ 14നാണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായ ബിഗ് ബിയുടെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മംമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹകന്‍.