ഓരോ മൂന്നു മിനിറ്റിലും ഭക്ഷണം കഴിക്കും, എന്നാല്‍ എനിക്ക് തരാറില്ല; ദീപികയെക്കുറിച്ച് ബിഗ് ബിയുടെ പരാതി
കോന്‍ ബനേഗ ക്രോര്‍പതിയില്‍ ദീപിക പദുക്കോണ്‍ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു ബിഗ് ബിയും ദീപികയും ഓര്‍മകള്‍ പങ്കുവച്ചത്
അമിതാഭ് ബച്ചനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളായി 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പികു. കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ ഓര്‍മകള്‍ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. ദീപികയുടെ ഭക്ഷണപ്രേമത്തെക്കുറിച്ചായിരുന്നു ബിഗ് ബി പറഞ്ഞത്. കോന്‍ ബനേഗ ക്രോര്‍പതിയില്‍ ദീപിക പദുക്കോണ്‍ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു ബിഗ് ബിയും ദീപികയും ഓര്‍മകള്‍ പങ്കുവച്ചത്.
ദീപിക ഒരു ഭക്ഷണപ്രേമിയാണെന്നാണ് ബിഗ് ബി പറയുന്നത്. സാധാരണ ആളുകള്‍ മൂന്നു നേരമാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ദീപിക മൂന്നു മിനിറ്റില്‍ ഭക്ഷണം കഴിക്കുന്നതാണ് ഞാന്‍ കണ്ടത്. എല്ലാ മൂന്നു മിനിറ്റിലും ഒരു പാത്രം ഭക്ഷണം ദീപികയുടെ കയ്യിലുണ്ടാകും. എന്നാല്‍ ഒരിക്കലും എനിക്കു കുറച്ചു വേണോ എന്നുപോലും ചോദിച്ചില്ല- അമിതാഭ് ബച്ചന് പറഞ്ഞു. ഞാന്‍ എന്റെ പാത്രം തുറക്കുമ്പോഴെല്ലാം അമിത് ജീ എന്റെ അടുത്തുവന്നു എന്താണ് ഞാന്‍ കഴിക്കുന്നതെന്ന് വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു എന്നാണ് ദീപിക മറുപടി നല്‍കിയത്. ഈ ഷോയില്‍ നുണ പറയാന്‍ പറ്റില്ലെന്നായിരുന്നു ബിഗ് ബിയുടെ പ്രതികരണം.