'ബിഗ് ബി'ക്ക് ഇന്ന് 80-ാം പിറന്നാൾ; താരരാജാവിന് ആശംസകളുമായി സിനിമാലോകം

അഭിനയത്തിനപ്പുറം സിനിമയിലും രാഷ്ട്രീയത്തിലും വ്യവസായത്തിലും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ബച്ചന്റെ ജീവിതകഥ ഇന്ത്യൻ സിനിമയുടേത് കൂടിയതാണ്

Update: 2022-10-11 01:56 GMT
Editor : Lissy P | By : Web Desk
Advertising

ഇന്ത്യൻ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ.ക്ഷോഭിക്കുന്ന യൗവ്വനത്തെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ബച്ചൻ തലമുറകളില്ലാതെ ആരാധിക്കപ്പെടുകയാണ്.

രാജ്യം സ്വാതന്ത്ര്യത്തിനായി പോരാടുന്ന നാളുകളിൽ പിറന്ന മകന് കവി ഹരിവംശ റായ് ബച്ചൻ ഇൻക്വിലാബ് ശ്രീവാസ്തവ എന്ന് പേര് നൽകി. വിപ്ലവം അധികം വൈകാതെ അണയാത്ത വെളിച്ചമായി മാറി, അമിതാഭ്. ഇന്ന് ഇന്ത്യൻ സിനിമയിലെ അണയാത്ത വെളിച്ചമായി ലോകസിനിമാപ്രേമികളുടെ ആദരവ് പിടിച്ചുപറ്റുന്ന ബിഗ് ബിയായി മാറി. കൊൽക്കത്തയിലെ കപ്പൽശാലയിലെ ജീവനക്കാരൻ ഇന്ത്യൻ സിനിമ അടക്കിവാണതാണ് അമിതാഭ് ബച്ചന്റെ ജീവിതകഥ. ആ ലക്ഷ്യത്തിലേക്ക് ബച്ചൻ താണ്ടിയ ദൂരമാകട്ടെ ഇന്ത്യൻ സിനിമയുടെയും യാത്രകൂടിയാണ്.

1969 ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോംമിലൂടെ ശബ്ദസാന്നിധ്യമറിയിച്ചായിരുന്നു തുടക്കം. സാത്ത് ഹിന്ദുസ്ഥാനിയിലെ ഏഴ് നായകൻമാരിൽ ഒരാളായാണ് ബച്ചനെന്ന അഭിനയപ്രതിഭയെ സിനിമ അറിയുന്നത്. അന്ന് ലഭിച്ച മികച്ച പുതുമുഖ നടനുള്ള ദേശീയ പുരസ്‌കാരത്തിൽ തുടങ്ങി് ഒടുവിൽ ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം വരെ എത്തി നിൽക്കുന്നു. അതിനിടയിൽ പത്മശ്രീ, പത്മഭൂഷൺ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്തകാരങ്ങളും അമിതാഭ് ബച്ചനെ തേടിയെത്തി.


കാമുകനായും കൊമേഡിനായും കൊലപാകിയായും വൈരുദ്ധ്യം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്ത് അയാൾ സിനിമയിൽ തന്റെ ഇടം ഉറപ്പിച്ചുകൊണ്ടേയിരുന്നു. ശബ്ദം കൊണ്ടും ശാരീരിക സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും ഒരുപോലെ മിന്നിത്തിളങ്ങിയ നാളുകൾ. ബച്ചൻ ഇന്ത്യൻ സിനിമയുടെ അരങ്ങുവാണപ്പോൾ തന്നെ ഗാഭീര്യം ഉള്ള പുരുഷന്റെ ശബ്ദത്തിന്റെ ഉദാത്ത മാതൃകയെന്ന് അയാളുടെ ശബ്ദവും അറിയപ്പെട്ടു തുടങ്ങി.

80കളുടെ പകുതിയിൽ രാഷ്ട്രീയത്തിലെത്തിയ ബച്ചനെ ഇന്ത്യൻ രാഷ്ട്രീയം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഷഹെൻഷയിലെ ടൈറ്റിൽ കഥാപാത്രത്തിലൂടെ ബോക്‌സ് ഓഫീസ് ഹിറ്റ് സൃഷ്ടിച്ച് 88 ൽ തിരികെ സിനിമയിലേക്കെത്തി. എന്നാൽ പിന്നീട് ഇറങ്ങിയ ചിത്രങ്ങളുടെ പതനത്തിലൂടെ അമിതാഭ് ബച്ചന്റെ താരശക്തി നഷ്ടമായെന്ന് നിരൂപകർ എഴുതി തുടങ്ങി. 92 ലെ ഖുദാ ഗവാക്കപ്പുറം പിന്നീട് അഞ്ചുവർഷക്കാലം ബച്ചൻ സിനിമകളുടെ റിലീസ് ഉണ്ടായില്ല.

വാണിജ്യപരമായി നേട്ടമുണ്ടാക്കിയ മേജർ സാബും നിരൂപക പ്രശംസ നേടിയ സൂര്യവംശവും ഒക്കെ സംഭവിച്ചതും പതനകാലഘട്ടത്തിലായിരുന്നു.. എന്നാൽ സിനിമയോടുള്ള ഭ്രമം അയാളെ പുതിയ പരീക്ഷണത്തിന് പ്രാപ്തനാക്കികൊണ്ടേയിരുന്നു. മൊഹബ്ബത്തേനിൽ ഷാരൂഖ് ഖാന്റ കഥാപാത്രത്തിന്റെ എതിരാളിയായെത്തി വീണ്ടും ബിഗ് ബിയുടെ തേരോട്ടം.മേജർ രവി ചിത്രം കാണ്ടഹാറിലൂടെ മലയാളത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

നൂറ്റാണ്ടിന്റെ മഹാനടനെന്നും, മില്ലേനിയം സ്റ്റാറെന്നും തുടങ്ങിയ നിരവധി വിശേഷങ്ങളും അമിതാഭ് ബച്ചന് ആരാധകർ സ്‌നേഹത്തോടെ ചാർത്തിക്കൊടുത്തു. അഭിനയത്തിനപ്പുറം സിനിമയിലും രാഷ്ട്രീയത്തിലും വ്യവസായത്തിലും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ബച്ചന്റെ ജീവിതകഥ ഇന്ത്യൻ സിനിമയുടേത് കൂടിയതാണ്. അതുകൊണ്ട് തന്നെയാണ് അയാളെ സിനിമാ ഇതിഹാസമെന്ന് ചേർത്ത് വിളിക്കുന്നതും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News