ഒരു ലക്ഷം രൂപയുടെ ഫോൺ കണ്ടിട്ടും മോഹിപ്പിച്ചില്ല, പൊലീസിലേൽപ്പിച്ച് റെയിൽവെ പോർട്ടർ; ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ച് ബച്ചന്റെ മേക്കപ്പ്മാൻ

മറ്റൊരാളുടെ വിലകൂടിയ സ്വത്ത് സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു 62 കാരനായ ദശരഥിന്റെ മറുപടി

Update: 2023-03-24 08:24 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: വില കൂടിയ വസ്തുക്കൾ കളഞ്ഞുകിട്ടുമ്പോൾ അതിനെ സ്വന്തമാക്കാൻ മോഹിക്കാതെ തിരികെ നൽകാൻ ഒരു വലിയ മനസുവേണം. അത്തരത്തിലുള്ളൊരു ഹൃദയസ്പർശിയായ കഥയാണ് സോഷ്യൽമീഡിയയുടെ മനസിൽ ഇടം നേടിയിരിക്കുന്നത്.

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ദീപക് ദത്ത സാവന്തിന്റെ 1.4 ലക്ഷം രൂപയുടെ ഫോൺ റെയിൽവെ സ്റ്റേഷനിൽ നഷ്ടപ്പെട്ടു. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ഫോൺ നഷ്ടമായത്. അതേസമയം, ഫോൺ കണ്ടുകിട്ടിയ ചുമട്ടുതൊഴിലാളി അത് തിരികെ നൽകുകയും ചെയ്തു. 62 കാരനായ തൊഴിലാളി വിലകൂടിയ ഫോൺ കൈവശം വയ്ക്കുന്നതിന് പകരം അത് തിരികെ ഏൽപ്പിക്കുകയായിരുന്നു.

അമൃത്സറിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഫോൺ നഷ്ടപ്പെട്ട കാര്യം ദീപക് ദത്ത സാവന്ത് മനസിലാക്കുന്നത്. പിന്നീട് മറ്റൊരു നമ്പറിൽ നിന്ന് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോൾ സംസാരിച്ചത് പൊലീസായിരുന്നു. അവരാണ്  ദീപക് ദത്ത് സാവന്തിനോട് ഫോൺ തങ്ങളുടെ കൈയിൽ എത്തിയതിനെകുറിച്ച് പറഞ്ഞത്.

സ്റ്റേഷനിലെ പോർട്ടറായ ദശരഥ് എന്നയാണ് ഇരിപ്പിടത്തിൽ കിടക്കുന്ന വിലകൂടിയ ഫോൺ അനാഥമായി കിടക്കുന്നത് കണ്ടത്. സമീപത്തെ യാത്രക്കാരോട് ഫോൺ ആരുടേതാണെന്ന് അന്വേഷിച്ചെങ്കിലും അവരാരുടേതും ആയിരുന്നില്ല. ഉടൻ തന്നെ ഫോൺ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

വിലകൂടിയ ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് തനിക്കറിയില്ലെന്നും മറ്റൊരാളുടെ സ്വത്ത് തസ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദശരഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ ഉടമയെ കണ്ടെത്തിയെന്ന് പൊലീസ് വിളിച്ചുപറഞ്ഞപ്പോളാണ് അയാൾ വീട്ടിലേക്ക് പോയത്. തുടർന്ന് പൊലീസ് മേക്കപ്പ് ആർട്ടിസ്റ്റിന്റെ മകൻ ധന്വീറിന് ദശരഥി ന്റെ സാന്നിധ്യത്തിൽ ഫോൺ കൈമാറുകയായിരുന്നു.ദശരഥിന്റെ സത്യസന്ധതയ്ക്ക് പാരിതോഷികമായി 1000 രൂപ  പ്രതിഫലമായി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News