'ടാറ്റയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്, അവസാനമായി അഭിനയിച്ചത് അദ്ദേഹത്തെക്കുറിച്ചുള്ള ഷോർട്ട് ഫിലിമിലും'; അനീഷ് ബഷീര്‍

'ബഷീറിനെക്കുറിച്ചുള്ള ഷോർട്ട് ഫിലിമിന്റെ ഡബ്ബിങ് പൂർത്തിയാക്കിയാണ് തിങ്കളാഴ്ച മാമുക്കോയ മടങ്ങിയത്'

Update: 2023-04-26 12:37 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയെ ഓർത്തെടുത്ത് സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീര്‍.  ബഷീറിനെക്കുറിച്ചുള്ള ഒരു  ഷോർട്ട് ഫിലിമിലാണ് മാമുക്കോയ അവസാനമായി അഭിനയിച്ചത്. ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായ തിങ്കളാഴ്ച ആ ഷോർട്ട് ഫിലിമിന്റെ ഡബ്ബിങ് പൂർത്തിയാക്കിയാണ് മാമുക്കോയ മടങ്ങിയതെന്ന് അനീഷ് മീഡിയവണിനോട് പറഞ്ഞു.

'സുറുമയിട്ട കണ്ണുകൾ' എന്ന സിനിമയിൽ ടാറ്റയാണ് മാമുക്കോയ ആദ്യമായി അഭിനയിക്കുന്നത്. ഞാൻ ബഷീറിനെക്കുറിച്ച് 'ചോന്ന മാങ്ങ' എന്ന ചെറിയൊരു ഷോർട്ട് ഫിലിം ചെയ്തു..അതിലാണ് മാമുക്കോയ അവസാനമായി അഭിനയിച്ചത്. 24 ന് രാവിലെ അതിന്റെ ഡബ്ബിങ് പൂർത്തിയാക്കി..ആ കർത്തവ്യം കഴിഞ്ഞാണ് അദ്ദേഹം പോയത്. ബാപ്പയിൽ നിന്ന് തുടങ്ങി മകനിൽ അവസാനിപ്പിച്ചു.. ബഷീറുമായുള്ള രംഗമൊക്കെ പുനരാവിഷ്‌കരിച്ചിരുന്നു...അത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അദ്ദേഹം പറഞ്ഞു. എനിക്ക് ടൗണിലൂടെ പോകണ്ടേ..ബീച്ചിലൂടെ പോകണം..പണ്ട് അദ്ദേഹം നടന്ന വഴികളിലൂടെയൊക്കെ നടന്ന് അക്കാര്യങ്ങളൊക്കെ ഓർത്തെടുത്തു.. അനീഷ് പറഞ്ഞു..

'അത്രയും ആരോഗ്യവാനായിരുന്നു. രാവിലെ വളരെ ഉത്സാഹത്തോടെയാണ് വന്നത്. ഞങ്ങളെയൊക്കെ ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചാണ് പോയത്. മാമുക്കയൊക്കെ വരുമ്പോഴാണ് വീട്ടിൽ ചിരിയുണ്ടാകുന്നത്. മാമുക്കോയയും ടാറ്റയും കൂടിച്ചേർന്നാല്‍  ചിരിയാണ്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചിരിയാണ്. എന്തു പ്രശ്‌നമുണ്ടായാലും മറക്കും..അതൊന്നും മറക്കാനാവില്ല. ടാറ്റയോടുള്ള ആ ബന്ധം എന്നും തുടർന്നു. എന്നോടും ആ ബന്ധം തുടർന്നു.. ശബ്ദം പ്രയാസമാണെന്നറിഞ്ഞിട്ടും അദ്ദേഹം വന്ന് ഡബ്ബ് ചെയ്തു... ' അനീഷ് ബഷീർ പറഞ്ഞു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധാഴ്ച ഉച്ചയോടെ ആണ് മാമുക്കോയ മരിച്ചത്. 450 ൽ ഏറെ സിനിമകളിൽ വേഷമിട്ടു . മികച്ച ഹാസ്യനടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം , പ്രത്യേക ജൂറി പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. തിങ്കളാഴ്ച കാളികാവ് പൂങ്‌ഹോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News