മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു താരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്
മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികാ അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു താരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ദ്വിഭാഷാ ചിത്രം പേരന്‍പിലെ അഞ്ജലി അമീറിന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. പേരന്‍പ് തന്നെയാണ് അഞ്ജലിയുടെ നായികാ അരങ്ങേറ്റ ചിത്രവും. അപ്പാനി ശരത്ത് നായകനായ ബെര്‍ണാഡാണ് അഞ്ജലി നായികയായെത്തുന്ന പുതിയ ചിത്രം.
ദുബൈയിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ് അഞ്ജലി അമീറിന്‍റെ വിസാ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, റസ്സൽ, പി.എം അബ്ദുറഹ്മാൻ, ആദിൽ സാദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, നസ്രിയ നസീം, നൈല ഉഷ, ആശാ ശരത്, മീര ജാസ്മിന്‍, മീന, സിദ്ദീഖ്, മിഥുന്‍ രമേശ്, സംവിധായകരായ ലാല്‍ ജോസ്, സലീം അഹമ്മദ്, ഗായിക കെ.എസ് ചിത്ര, നിര്‍മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.