സിനിമയിൽ നിന്ന് പിൻമാറിയപ്പോൾ പണം തിരിച്ചു നൽകിയിരുന്നു, അതുകഴിഞ്ഞ് ഒരു വർഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ വിവാഹം; ജൂഡിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പെപ്പെ
പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്‍റണി വര്‍ഗീസ്. ജൂഡിന്‍റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും പെപ്പെ പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വ്യക്തമായ തെളിവുകൾ നിരത്തി പെപ്പേ രംഗത്ത് എത്തിയത്. ജൂഡ് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ആന്‍റണിയുടെഅമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. “എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ജൂഡ് എന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടാക്കിയ വിഷമം വളരെ വലുതാണെന്നും” പെപ്പേ പറഞ്ഞു.
ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, ഒരു വലിയ വിജയത്തിന്‍റെ ഭാഗമായി നിൽക്കുകയാണ്. എന്നാൽ തന്‍റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്‍റെ അമ്മയ്‌ക്കോ പെങ്ങൾക്കോ പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തിൽ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7 ന് അഡ്വാൻസ് വാങ്ങിയ തുക 27 ജനുവരി 2020 ൽ തിരികെ കൊടുത്തതാണ്. 18 ജനുവരി 2021 ൽ ആയിരുന്നു എന്‍റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞ ആരോപണം എത്രത്തോളം വ്യാജമാണെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഇമെയിൽ തെളിവുകളും നിരത്തിയാണ് ആന്‍റണി പ്രസ് മീറ്റിൽ തന്‍റെ ഭാഗം വ്യക്തമാക്കിയത്. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കിൽ ഞാൻ ടൈംട്രാവൽ നടത്തിയിട്ടായിരിക്കുമല്ലോ എന്‍റെ പെങ്ങളുടെ കല്യാണം നടത്തിയത്!! അതിനുള്ള പണം എന്‍റെ വീട്ടുകാർ കൂടി ചേർന്ന് സാമ്പാദിച്ചതാണ്. എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല, അയാൾ ചെയ്ത സിനിമ ഞാൻ ഫാമിലിയായി കണ്ടു, മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകൾ വഴി 3 വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോൾ ജൂഡ് അത് മാനേജ് ചെയ്യുവാൻ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ അതുപയോഗിച്ചത്.'' ആന്‍റണി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി ഉള്ളതുകൊണ്ടാണ് ആന്‍റണി ജീവിക്കുന്നത്, കഴിവില്ലാത്തവനാണ് ആന്‍റണി എന്നുമുള്ള ജൂഡിന്‍റെ ആരോപണത്തിന്, മറ്റൊരാൾ കൈപിടിക്കാതെ സിനിമയിലേയ്ക്ക് കടന്നുവന്ന ആരാണിവിടെയുള്ളത്, ഞാൻ സ്വപ്നങ്ങളെ ഫോളോ ചെയ്ത് വന്നവനാണ് എന്നും ആന്‍റണി പ്രതികരിച്ചു.
2018 ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് ജൂഡ് പെപ്പെയ്ക്ക് എതിരെ രംഗത്തുവന്നത്.സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്‍റണി തന്‍റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. പെപ്പെക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജൂഡ് ഉന്നയിച്ചത്. വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ''ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തൻ ഉണ്ട്, ആന്‍റണി വർഗീസ്. അയാൾ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും.എന്നാണ് ജൂഡ് പറഞ്ഞത്.