" സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത്, ഞാൻ ആയിരുന്നേൽ അങ്ങനെ ചെയ്യില്ല" അപർണ ബാലമുരളി
'ആദിപുരുഷ്' ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്ത ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
കൊച്ചി: രാമായണം പ്രമേയമാകുന്ന ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്ത ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ നടി അപർണ ബാലമുരളിയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ബിഇറ്റ് ഓൺലെെൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപർണ്ണയുടെ പ്രതികരണം.
താൻ ചെയ്യുന്ന ചിത്രം ആണെങ്കിൽ ഒരിക്കലും അങ്ങനെ ഒരു സീറ്റ് ഒഴിച്ചിടില്ലായിരുന്നുവെന്ന് അപർണ പറഞ്ഞു. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ കാണും. എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ പ്രേക്ഷകർ കാണില്ലെന്നും താരം പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് 'ആദിപുരുഷ്' സിനിമ അണിയറപ്രവർത്തകരുടെ പരാമർശത്തെ എങ്ങനെ നോക്കി കാണുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
അപർണ്ണയുടെ വാക്കുകൾ ഇങ്ങനെ " തിയേറ്ററിൽ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല. അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവർക്ക് അങ്ങനെ തോന്നി, അവർ അങ്ങനെ ചെയ്തു. അതിൽ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കിൽ അങ്ങനെ ചെയ്യില്ല. ഞാൻ എപ്പോഴും വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്ന ജോലി നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസൾട്ട് പ്രേക്ഷകരിൽ നിന്നും കിട്ടും".
"സിനിമ നല്ലതാണെങ്കിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന ചോദ്യം ഉയരം. നല്ല സിനിമകൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. എന്തൊക്കെ ചെയ്താലും ചിത്രത്തിന് ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ കാണില്ല. നമ്മുടെ പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്. സിനിയെ നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങൾ ചിത്രത്തിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാൻ പോകുന്നില്ല"- അപർണ്ണ ബാലമുരളി പറഞ്ഞു. ഫഹദ് ഫാസിൽ നായകനായ ധൂമം ആണ് അപർണയുടെ പുതിയ ചിത്രം.