കമൽഹാസൻ ഇന്ത്യയിൽ കുടുങ്ങിയതാണ്, വർഷങ്ങൾക്ക് മുമ്പേ ഹോളിവുഡിൽ എത്തേണ്ടതായിരുന്നു: എ.ആർ.റഹ്മാൻ
ഇംഗ്ലീഷ് സിനിമയെടുക്കാൻ കമൽഹാസനോട് ആവശ്യപ്പെടുകയാണെന്നും എ.ആർ.റഹ്മാൻ പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ അഭിമാന താരമായ കമൽഹാസൻ വർഷങ്ങൾക്കു മുമ്പേ ഹോളിവുഡിലെത്തേണ്ട ആളായിരുന്നെന്ന് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. കയ്യിൽ പണമുണ്ടായിരുന്നപ്പോൾ 20 വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം ഹോളിവുഡിൽ സിനിമ നിർമിക്കേണ്ടതായിരുന്നു എന്നാണ് റഹ്മാന്റെ പരാമർശം. കമൽഹാസൻ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടയാളല്ലെന്നും ഇംഗ്ലീഷ് സിനിമയെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണെന്നും എ.ആർ.റഹ്മാൻ ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
"ഇത്രയേറെ വർഷമായി കമൽഹാസൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം നല്ലൊരു കാര്യമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയാണോ എന്നറിയില്ല. 20 വർഷം മുൻപേ, കയ്യിൽ പണമുണ്ടായിരുന്നപ്പോൾ ഹോളിവുഡിൽ പോയി അവിടെ ഒരു സിനിമ ചെയ്യണമായിരുന്നു. വിജയമോ പരാജയമോ ചിന്തിക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഒരു സിനിമ നിർമിക്കാൻ അദ്ദേഹത്തിന് ഇന്നും സാധിക്കും. ഒരു ഇംഗ്ലീഷ് സിനിമയെടുക്കാൻ താനദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്"- എ.ആർ.റഹ്മാൻ പറയുന്നു.
കഴിഞ്ഞമാസം എ.ആർ. റഹ്മാനും കമൽഹാസനും ലോസ് ആഞ്ജൽസിൽ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ് സന്ദർശിച്ചിരുന്നു. ഓപ്പൻഹൈമർ എന്ന ചിത്രം തങ്ങളൊരുമിച്ചിരുന്ന് ആസ്വദിച്ചതായും റഹ്മാൻ പറഞ്ഞു. കമൽഹാസൻ പറയുന്നത് കേൾക്കുന്നതും സംസാരിക്കുന്നതുമെല്ലാം അത്രയേറെ മോഹിപ്പിക്കുന്നതാണ്. അദ്ദേഹം ഇപ്പോഴും അനവധി സിനിമകൾ കാണാറുണ്ട്. സീനുകളും സംഭാഷണങ്ങളും ഓർത്തുവെയ്ക്കും. എന്നാൽ ഒരു സിനിമ മുഴുവനായിരുന്ന് കാണുന്നതിനുള്ള ക്ഷമയൊന്നും തനിക്കില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സ് സന്ദർശനത്തിനിടെ പകർത്തിയ ഒരു ചിത്രം കമൽഹാസൻ ഈയിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തന്നേക്കാൾ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ കാണാനിടയായെന്നാണ് ചിത്രത്തിന് കമൽ നൽകിയ ക്യാപ്ഷൻ.