'കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തൂ'; വ്യാജ വാർത്തകൾക്കെതിരെ എ.ആർ റഹ്മാന്റെ മകൾ ഖദീജ
എ.ആർ റഹ്മാൻ സംഗീതത്തിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നുവെന്ന വാർത്തയിലാണ് ഖദീജയുടെ പ്രതികരണം
പിതാവിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ. വിവാഹമോചനത്തിന് പിന്നാലെ എ.ആർ റഹ്മാൻ സംഗീതത്തിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നുവെന്ന വാർത്തയിലാണ് ഖദീജയുടെ പ്രതികരണം. 'ദയവായി ഇത്തരം കിംവദന്തികൾ നിർത്തൂ' എന്നാണ് ഖദീജ എക്സിൽ കുറിച്ചത്.
റഹ്മാന്‍റെയും ഭാര്യ സൈറാ ബാനുവിന്‍റെയും വിവാഹമോചനവാര്‍ത്തയില്‍ പ്രതികരണവുമായി മക്കള്‍ നേരത്തേയും രംഗത്തെത്തിയിരുന്നു. കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മക്കളായ ഖദീജ, റഹീമ, അമീന്‍ എന്നിവര്‍ അന്ന് അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.
'എന്റെ പിതാവ് ഒരു ഇതിഹാസമാണ്. അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം ആർജിച്ച മൂല്യങ്ങളും ആദരവും സ്നേഹവുമൊക്കെ അതിന് തെളിവാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് ഏറെ നിരാശാജനകമാണ്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും ദയവായി വിട്ടുനിൽക്കണം. അദ്ദേഹത്തിന്റെ അന്തസും നമ്മിൽ അദ്ദേഹം ചെലുത്തിയ അതിശയകരമായ സ്വാധീനവും നമുക്ക് ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ എന്നാണ് മകൻ അമീന്റെ പ്രതികരണം.
‘കിംവദന്തികൾ വെറുപ്പുള്ളവരാണ് കൊണ്ടുനടക്കുന്നത്. പ്രചരിപ്പിക്കുന്നത് വിഡ്ഡികൾ. സ്വീകരിക്കുന്നത് മൂഢന്മാർ' എന്നായിരുന്നു റഹീമ റഹ്മാന്റെ വാക്കുകൾ. ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും എല്ലാവരുടെയും പരിഗണനയ്ക്ക് നന്ദി പറയുകയാണെന്നും ഖദീജ അന്ന് കുറിച്ചിരുന്നു.
1995ലാണ് റഹ്മാനും സൈറയും വിവാഹിതരാകുന്നത്. സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നുമാണ് റഹ്മാൻ എക്സില്‍ കുറിച്ചത്.