നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു; ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് പാട്ടുകളുടെ രചയിതാവ്
350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്
തൃശൂര്‍: നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിച്ചു. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്.
കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിന്‍റെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്‍റെ പാട്ടുകളാണ്.
സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തിൽ’, മീശമാധവനിലെ ‘ഈ എലവത്തൂർ കായലിന്‍റെ’, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികൾ എഴുതിയത് അറുമുഖനാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ ,ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
രാഹുല്‍ ഹമ്പിള്‍ സനലിന്‍റെ കുറിപ്പ്
കലാഭവൻ മണിയുടെ ആദ്യകാലത്തെ പ്രശസ്തമായ നാടൻ പാട്ടുകൾ എഴുതിയ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു...
" പകലു മുഴുവൻ പണി എടുത്തു "
" വരുത്തൻ്റെ ഒപ്പം ഒളിച്ചു ചാടിയ തങ്കമ്മേ "
"വരിക്കചക്കേടെ ചുള കണക്കിന് "
"ചാലക്കുടി ചന്തക്ക് പോകുമ്പോൾ "
" മിന്നാമിനുങ്ങേ"
തുടങ്ങി മൂന്നൂറ്റി അൻപതോളം ഗാനങ്ങൾ എഴുതിയത് ഇദ്ദേഹമാണ്...
ഉടയോൻ, മീനാക്ഷി കല്യാണം ,ചന്ദ്രോത്സവം തുടങ്ങി നിരവധി സിനിമകളിലും ഗാനങ്ങൾ എഴുതി
മീശ മാധവനിലെ "ഈ എളവത്തൂര് കായലിലെ കടയ്ക്കൽ ഉണ്ടൊരു കൈത" എന്ന ഗാനം എഴുതിയത് അറുമുഖൻ വെങ്കിടങ്ങ് ആണ് എങ്കിലും കാസറ്റിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേരാണ് കൊടുത്തത്... പ്രതിഫലവും നൽകിയിരുന്നില്ല...
("അമ്പടി കുഞ്ഞേലി " എന്ന കാസറ്റിന് വേണ്ടി അദ്ദേഹം മുൻപ് എഴുതിയ പാട്ട് കാസറ്റ് കമ്പനി മീശ മാധവനിൽ ഉപയോഗിക്കുകയായിരുന്നു.. )
"ഈ എലവത്തൂർ കായലിന്റെ
കരയ്ക്കലുണ്ടൊരു കൈത
കൈത മുറിച്ചു മുള്ളും നീക്കി
പൊളിയെടുക്കണ നേരം
കൊടപ്പനയുടെ മറവിൽ നിന്നൊരു
കള്ളനോട്ടം കണ്ടേ
ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടീല
അതു കുറ്റമാക്കല്ലേ
ആ കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
കൊളുത്തിട്ടുള്ളില് വലിച്ചമാതിരി
തരിച്ചു നിന്നെടി ഞാനേ
കടക്കണ്ണിന്നൊരു തിളക്കം കണ്ടെടി
കറുത്ത കള്ളന്റെ ചിരിയും
പഠിച്ച കള്ളൻ പണിപറ്റിച്ചെടി
കുടുങ്ങിപ്പോയെടി ഞാനേ
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്..
ഉള്ളുരുകണ് ഉറക്കമില്ലെടി
മയക്കം വരണ നേരം
കണ്ണിലിപ്പൊഴും നിഴലടിക്കണ്
കറുത്ത കള്ളന്റെ മോറ്.. "
ആദരാഞ്ജലികൾ