'പാത്രം കഴുകിയ അഴുക്കുവെള്ളം തലവഴിയൊഴിക്കപ്പെടാന്‍ അര്‍ഹതയുള്ള ഒരുപാട് പേരുണ്ട്'; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ പുകഴ്ത്തി അരുന്ധതി റോയ്
''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയിലെ നായകനെ പോലെ ഒരു മലയാളി മനുഷ്യനായിരുന്നു താനെങ്കില്‍ നാണക്കേടും ലജ്ജയും കൊണ്ട് ഏതെങ്കിലും മലമുകളില്‍ നിന്നും ചാടിയേനെ''
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയെ വാനോളം പുകഴ്ത്തി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ വളരെ ആസ്വദിച്ച ഒരു സിനിമയാണെന്നും അതിലെ നായകനെ പോലെ ഒരു മലയാളി മനുഷ്യനായിരുന്നു താനെങ്കില്‍ നാണക്കേടും ലജ്ജയും കൊണ്ട് ഏതെങ്കിലും മലമുകളില്‍ നിന്നും ചാടിയേനെയെന്ന് അരുന്ധതി റോയ് പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നായകന്‍റെ പ്രവൃത്തികളത്രയും അത്രയ്ക്ക് അറപ്പുളവാക്കുന്നതായിരുന്നു. പാത്രം കഴുകിയ അഴുക്കുവെള്ളം തലവഴിയൊഴിക്കപ്പെടാന്‍ അര്‍ഹതയുള്ള ഒരുപാടാള്‍ക്കാരുണ്ടെന്നും അരുന്ധതി റോയ് വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമയെക്കുറിച്ച് വാചാലയായത്.
''സ്വാതന്ത്രൃരായ സ്ത്രീകളുടെ ഒരു വിസ്മയലോകം കണ്ടെത്തുന്നതിന്‍റെ തുടക്കത്തിലാണ് നമ്മളെന്നാണ് എനിക്കു തോന്നുന്നത്. തങ്ങളുടെ സ്വാതന്ത്രൃത്തിലേക്കുള്ള വഴിയില്‍ നടക്കുകയും ഓടുകയും പോരാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സ്ത്രീകള്‍. അത് വളരെയധികം ആവേശം തരുന്ന ഒരു കാര്യമാണ്. കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ആ ലോകത്തേക്ക് എത്തിച്ചേരുമ്പോള്‍, അവര്‍ കലയും സാഹിത്യവും കവിതയുമൊക്കെ നിര്‍മിക്കാനൊരുങ്ങുമ്പോള്‍ നമ്മള്‍ ലോകത്തെത്തന്നെ മാറ്റിമറിക്കും. മറ്റൊരുതരത്തില്‍ പ്രവര്‍ത്തിക്കാനൊക്കെ കഴിവുള്ള സ്ത്രീകള്‍പോലും തങ്ങളെ അടക്കിഭരിക്കാന്‍ അനുവദിക്കുന്നതെങ്ങനെയെന്നത് ഇന്നുമെനിക്ക് നിഗൂഢമായ കാര്യമാണ്''-അരുന്ധതി റോയ് പറഞ്ഞു.
''ഇന്ത്യയില്‍ ഈ മഹാമാരിക്കും ലോക്ക് ഡൗണിനും ശേഷം സ്ത്രീകള്‍ക്ക് ഒരു വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വീടിന്‍റെ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും ഭര്‍ത്താവിന്‍റെ കൈപിടിയില്‍ നിന്നും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വിമര്‍ശനങ്ങളില്‍ നിന്നുമൊക്കെ രക്ഷപ്പെട്ട് നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ചേക്കേറിയ യുവ വനിതകളുടെ തലമുറക്ക് ഈ മഹാമാരിക്കാലത്ത് അവരുടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ അവര്‍ക്ക് അടിച്ചമര്‍ത്തപ്പെടുന്ന അവരുടെ പഴയ ജീവിതങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വന്നിരിക്കുന്നു. കെട്ടുപാടുകളുടെ വേഷത്തിലേക്ക് അവര്‍ക്ക് തിരികെപ്പോകേണ്ടിവന്നിരിക്കുന്നു. ''വര്‍ക്ക് ഫ്രം ഹോം'' വന്നതോടെ സ്ത്രീകള്‍ക്ക് നഷ്ടമായത് വരുമാനം മാത്രമല്ല, അവരുടെ സ്വാതന്ത്രൃം കൂടിയാണ്''- അരുന്ധതി കൂട്ടിച്ചേര്‍ത്തു.
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും ഒരുമിച്ച ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയത്. നീ സ്ട്രീം എന്ന പുതിയ മലയാളം ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രം പിന്നീട് ആമസോണ്‍ പ്രൈം അടക്കമുള്ള വന്‍ കിട ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ബോളിവുഡ് നടി റാണി മുഖര്‍ജി, ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.