'24 ശതമാനം പലിശക്ക് 400 കോടി കടമെടുത്താണ് ബാഹുബലി ചിത്രീകരിച്ചത്'; റാണ ദഗ്ഗുബതി
ബാഹുബലിയുടെ ഒന്നാം ഭാഗത്തിനായി അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശ നിരക്കിൽ 180 കോടി രുപ കടമെടുത്തിരുന്നെന്നും റാണ ദഗ്ഗുബതി വെളിപ്പെടുത്തി
ബംഗളൂരു: പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു രാജമൗലിയുടെ ബാഹുബലി. കോടികള്‍ കടമെടുത്താണ് ചിത്രം നിർമിച്ചതെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടൻ റാണ ദഗ്ഗുബതി. 24% പലിശക്കാണ് പണം കടമെടുത്തതെന്നും സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലായിരുന്നെന്നും നടൻ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെലുങ്ക് സിനിമക്കായി നിർമാതാക്കള്‍ തങ്ങളുടെ വീടും സ്ഥലവും പണയം വെച്ച് കടം വാങ്ങാറുണ്ട്. 24-28 ശതമാനം വരെ പലിശനിരക്കിലാണ് കടമെടുക്കാറെന്നും ബാഹുബലിക്കായി 300-400 കോടി വരെ കടം എടുത്തിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
'ബാഹുബലിയുടെ ഒന്നാംഭാഗത്തിന്‍റെ നിർമാണം വലിയൊരു പോരാട്ടമായിരുന്നു. ലഭിച്ച കളക്ഷന്‍റെ ഇരട്ടിയാണ് സിനിമയുടെ നിർമാണത്തിനായി ചെലവായത്. അഞ്ചര വർഷത്തിനിടെ 24 ശതമാനം പലിശ നിരക്കിൽ 180 കോടി രുപയാണ് കടമെടുത്തത്. ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് തനിക്ക് ഇപ്പോഴും അറിയില്ല' എന്നാണ് റാണ പറഞ്ഞത്.
2015 ൽ പ്രദർശനത്തിനെത്തിയ ഇതിഹാസ സിനിമയായ ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപയാണ് നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 250 കോടിക്കാണ് ചിത്രീകരണം പൂർത്തികരിച്ചത്. 562 കോടിയാണ് ചിത്രം നേടിയത്. 4കെ ഹൈ ഡെഫനിഷനിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി 2. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിച്ചിരുന്നു.