കങ്കണക്ക് വീണ്ടും തിരിച്ചടി; 'എമർജൻസി'ക്ക് കോടതി നോട്ടീസ്

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതി നടപടി

Update: 2024-09-18 14:15 GMT
Advertising

ചണ്ഡീഗഡ്: ബിജെപി എംപിയും നടിയുമായ കങ്കണാ റണാവത്ത് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. തൻ്റെ വരാനിരിക്കുന്ന 'എമർജൻസി' എന്ന സിനിമയിൽ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി. അഭിഭാഷകനായ രവീന്ദർ സിങ് ബസ്സി സമർപ്പിച്ച ഹരജിയിലാണ് ചണ്ഡീഗഡ് ജില്ലാ കോടതി നോട്ടീസ് അയച്ചത്. ഡിസംബർ അഞ്ചിനകം മറുപടി നൽകാനാണ് നിർദേശം.

സിനിമയിൽ റണാവത്തും മറ്റുള്ളവരും സിഖുകാരുടെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിച്ചുവെന്ന് ബസ്സി തൻ്റെ ഹർജിയിൽ ആരോപിച്ചു. 'ശരിയായ ചരിത്ര വസ്തുതകളും കണക്കുകളും പഠിക്കാതെ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നു. കുറ്റാരോപിതരുടെ ഈ പ്രവൃത്തി സിഖ് സമൂഹത്തിൻ്റെ പൊതുവായ വികാരങ്ങളെ വ്രണപ്പെടുത്തി.'- ഹരജിയിൽ പറയുന്നു.

ട്രെയിലർ പുറത്തിറങ്ങിയതിനുശേഷം നിരവധി പരാതികളാണ് ചിത്രത്തിനെതിരെ ഉയർന്നുവന്നത്. ചിത്രത്തിൻ്റെ സംവിധായക കൂടിയായ കങ്കണ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നയാളാണെന്നും ബസ്സി ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കങ്കണയ്ക്കെതിരെയും മറ്റ് രണ്ടുപേർക്കെതിരെയും ഭാരതീയ നാ​ഗരിക് സുരക്ഷാ സൻഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News