അപകീർത്തി പരാമർശം; യൂട്യൂബർ അജു അലക്‌സിനെതിരെ മാനനഷ്ടക്കേസുമായി ബാല
തനിക്കെതിരെ അജു യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമർശങ്ങൾ അതേ പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെ പിൻവലിക്കണമെന്നാണ് ബാലയുടെ ആവശ്യം
Update: 2023-08-09 10:27 GMT


അപകീർത്തി പരാമർശത്തിൽ യൂട്യൂബർക്കെതിരെ മാനനഷ്ടക്കേസുമായി നടൻ ബാല. യൂട്യൂബർ അജു അലക്സിനെതിരെ ബാല വക്കീൽ നോട്ടീസ് അയച്ചു.
തനിക്കെതിരെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമർശങ്ങൾ അതേ പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെ പിൻവലിക്കണമെന്നാണ് ബാലയുടെ ആവശ്യം. തനിക്കെതിരെ, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ് ഗൂഢാലോചന നടത്തിയെന്നും തത്ഫലമായി തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും ബാല പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാല വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചു തകർത്തുവെന്നും അജു അലക്‌സ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലയ്‌ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അജു അലക്സിനെതിരെ ബാല മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.