ചിത്ര ആ പാട്ട് പിന്നെ ഒരു സ്റ്റേജിലും പാടിയിട്ടില്ല; കാരണമിതാണ്

ലാസ്യ ഭാവത്തില്‍ വേണമായിരുന്നു സില്‍ക്ക് സ്മിതയുടെ പാട്ട്. അങ്ങനെ പാടുന്ന ഗായികമാര്‍ അന്ന് കുറവായിരുന്നു

Update: 2023-01-18 02:53 GMT
Editor : Jaisy Thomas | By : Web Desk

കെ.എസ് ചിത്ര

Advertising

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും റിലീസിനൊരുങ്ങുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കൂടുതല്‍ ദൃശ്യമികവോടെ സ്ഫടികം 4കെ ഡോള്‍ബി അറ്റ്മോസ് ഫെബ്രുവരി 9നാണ് തിയറ്റുകളിലെത്തുന്നത്. ചിത്രത്തിന്‍റെ ഈയിടെ പുറത്തിറങ്ങിയിരുന്നു. സ്ഫടികത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളെയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സംവിധായകന്‍ ഭദ്രന്‍റെ അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ചിത്രത്തിലെ 'പരുമല ചെരിവിലെ' ഏഴിമല പൂഞ്ചോല എന്നീ ഗാനങ്ങളെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.ബിഹൈന്‍ഡ്‍വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ സ്ഫടികം ഓര്‍മകള്‍ പങ്കുവച്ചത്.

ലാസ്യ ഭാവത്തില്‍ വേണമായിരുന്നു സില്‍ക്ക് സ്മിതയുടെ പാട്ട്. അങ്ങനെ പാടുന്ന ഗായികമാര്‍ അന്ന് കുറവായിരുന്നു. അഴിഞ്ഞാടി നടക്കുന്ന ഒരു പെണ്ണായല്ല നമ്മള്‍ ആ ക്യാരക്ടര്‍ കാണിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ കാണുന്ന സിനിമയല്ലേ. തോമാച്ചായനെ കെട്ടിയാലോ എന്ന് അവര്‍ക്ക് തോന്നുന്നുണ്ട്. അവരൊരു മോശം സ്ത്രീയല്ല. അങ്ങനെ വരാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കള്ളുകുടി സ്റ്റൈലില്‍ പാടുന്ന പാട്ടും പാടിയത് ചിത്രയാണ്. അതേക്കുറിച്ച് പറഞ്ഞതും ചിത്രയ്ക്ക് ഷോക്കായിരുന്നു. അപ്പോഴാണ് ഞാന്‍ അവര്‍ക്ക് ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞ് കൊടുത്തത്.

ഈ രണ്ട് പാട്ടുകളും റെക്കോര്‍ഡ് ചെയ്ത് തിയറ്ററില്‍ കണ്ടതല്ലാതെ ഇന്നുവരെ ഒരു സ്റ്റേജിലും ചിത്ര പാടിയിട്ടില്ല. അടുത്തിടെ ഇത് റിക്രിയേറ്റ് ചെയ്ത് പാടിച്ചപ്പോള്‍ ഞാന്‍ ഇത് ഒരു സ്‌റ്റേജിലും പാടിയിട്ടില്ലെന്ന് ചിത്ര പറഞ്ഞിരുന്നു. എവിടെപ്പോയാലും ഇത് പാടാന്‍ റിക്വസ്റ്റ് വരാറുണ്ട്. ഇത് കള്ള് കുടിച്ച പോലെയൊക്കെ പാടുന്നതല്ലേ, ആ സമയത്ത് എന്‍റെ മുഖമൊക്കെ എന്തോ പോലെയാവില്ലേ എന്നായിരുന്നു ചിത്ര ചോദിച്ചത്. ഞാന്‍ കാണുന്നുണ്ടോ എന്ന് സൂക്ഷ്മതയോടെ നോക്കിയാണ് ചിത്ര റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പാടിയത്.

നല്ല സിറ്റുവേഷന്‍സ് ഉണ്ടാവുമ്പോള്‍ നല്ല വരികളും പാട്ടുകളുമുണ്ടാവും. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. എല്ലാ കാര്യങ്ങളും ഒത്തിണങ്ങി വരുമ്പോഴാണ് നല്ല പാട്ടുകള്‍ കൊടുക്കാന്‍ പറ്റുന്നത്. കുറേക്കാലം ഞാന്‍ പാട്ട് പഠിച്ചിരുന്നു. അഭിനയിക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ സംവിധായകനായപ്പോള്‍ എനിക്ക് ഗുണകരമായി വന്നിട്ടുണ്ട്. മുണ്ട് പറിച്ച് അടിക്കുന്നതൊന്നും സിനിമാറ്റിക്കായ കാര്യമല്ല. ഞങ്ങളുടെ നാട്ടിലൊക്കെ ചെറിയ രീതിയില്‍ കണ്ട കാര്യമാണ്...ഭദ്രന്‍ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News