സൽമാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാവ്

സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് ആശിഷ് ഷെലാർ

Update: 2024-04-09 03:01 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിൽ സന്ദർശനം നടത്തി പ്രമുഖ ബി.ജെ.പി നേതാവ്. മുംബൈ ബി.ജെ.പി അധ്യക്ഷൻ ആശിഷ് ഷെലാർ ആണ് സൽമാൻ ഖാൻ, പിതാവും വെറ്ററൻ ബോളിവുഡ് നടനും നിർമാതാവുമായ സാലിം ഖാൻ, ഭാര്യ ഹെലെൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ഷെലാർ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ടത്.

ബാന്ദ്ര വെസ്റ്റ് എം.എൽ.എ കൂടിയാണ് ആശിഷ് ഷെലാർ. സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് അദ്ദേഹം. മുംബൈ ബാന്ദ്രയിലെ കാർട്ടർ റോഡിലുള്ള സൽമാൻ ഖാന്റെ വസതിയിലാണ് ബി.ജെ.പി നേതാവ് ഇന്നലെ എത്തിയത്.

സാലിം ഖാൻ, ഹെലൻ, സൽമാൻ ഖാൻ എന്നിവരെയും കുടുംബത്തെയും ഉച്ചയൂണിനൊപ്പം കാണാനായതിന്റെ സന്തോഷത്തിലാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. സാലിം ഖാൻ തുടക്കം കുറിക്കുകയും രണ്ടു പതിറ്റാണ്ടോളമായി നിസ്വാർഥമായി തുടരുകയും ചെയ്യുന്ന ആരോഗ്യപരിചരണ, ജീവകാരുണ്യ രംഗത്തെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചെല്ലാം ചർച്ച ചെയ്‌തെന്നും ആശിഷ് പറഞ്ഞു. സാലിം ഖാനും സൽമാൻ ഖാനും ഒപ്പമുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനിടയുള്ള കൂടിക്കാഴ്ചയ്ക്കു പലതരത്തിലുള്ള മാനങ്ങളും കൽപിക്കപ്പെടുന്നുണ്ട്. ബി.ജെ.പിക്കായി താരം പ്രചാരണത്തിനിറങ്ങിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംതൊട്ടേ നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ് സൽമാൻ ഖാനെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഖാൻ കുടുംബത്തിലെ സന്ദർശനം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ചേർത്തുവച്ചുള്ള വാർത്തകൾ ഷെലാർ തന്നെ ദേശീയ മാധ്യമങ്ങളോട് നിഷേധിച്ചിട്ടുണ്ട്.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ബോളിവുഡ് താരങ്ങളെയാണ് ബി.ജെ.പി അങ്കത്തിനിറക്കിയിട്ടുള്ളത്. കങ്കണ റണാവത്ത്, ഹേമ മാലിനി, അരുൺ ഗോവിൽ എന്നിവരാണു ജനവിധി തേടാനിറങ്ങുന്ന ബി.ജെ.പി സ്റ്റാർ സ്ഥാനാർഥികൾ. ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് ഒരിക്കൽകൂടി ജനവിധി തേടുകയാണ് ഹേമ മാലിനി. 2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് അവർ ഇവിടെ മത്സരിക്കുന്നത്. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നാണ് കങ്കണ റണാവത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. രാമായണം ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധ നേടിയ അരുൺ ഗോവിൽ യു.പിയിലെ മീറത്തിലും ബി.ജെ.പിക്കായി മത്സരത്തിനിറങ്ങുന്നു.

ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. യു.പിയിൽ 80 സീറ്റാണെങ്കിൽ 48 മണ്ഡലങ്ങളുണ്ട് മഹാരാഷ്ട്രയിൽ. അതുകൊണ്ടുതന്നെ മൂന്നാമൂഴം ഉറപ്പിക്കാൻ വേണ്ട സീറ്റുകളുറപ്പക്കാൻ ബി.ജെ.പി പ്രധാനമായും നോട്ടമിടുന്ന സംസ്ഥാനങ്ങളിലൊന്നു കൂടിയാണിത്. ഏപ്രിൽ 19 മുതൽ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുംബൈയിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളും മേയ് 20നു നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പിലാണ് പോളിങ് ബൂത്തിലെത്തുക.

അതേസമയം, 'ബീങ് ഹ്യൂമൻ ഫൗണ്ടേഷൻ' എന്ന പേരിൽ സൽമാൻ ഖാന്റെ നേതൃത്വത്തിൽ ചാരിറ്റി ട്രസ്റ്റ് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 2007ൽ പ്രവർത്തനമാരംഭിച്ച ഫൗണ്ടേഷൻ ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡ് സമയത്ത് ഉൾപ്പെടെ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വാർത്തകളിൽ നിറഞ്ഞിരുന്നു. സിനിമാ മേഖലയിലെ 25,000ത്തോളം ദിവസ വേതനക്കാർക്കായി 1,500 രൂപ വീതം സൽമാൻ ഖാൻ വിതരണം ചെയ്തിരുന്നു.

Summary: BJP MLA and Mumbai unit chief Ashish Shelar meets Salman Khan and his family at his residence at Carter Road, Bandra, Mumbai

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News