ഷാരൂഖ് ഖാനോടുള്ള കടം വീട്ടാനാവില്ല: ബ്രഹ്മാസ്ത്ര സംവിധായകന്‍

'ബ്രഹ്മാസ്ത്രയുടെ ക്രെഡിറ്റില്‍ മിസ്റ്റർ ഷാരൂഖ് ഖാനോട് എക്കാലവും നന്ദി എന്ന് എഴുതിയത് അതുകൊണ്ടാണ്'

Update: 2022-09-16 11:16 GMT
Advertising

ബോളിവുഡ് താരം ഷാരൂഖ് ഖാനോടുള്ള കടപ്പാട് വീട്ടാനാവില്ലെന്ന് ബ്രഹ്മാസ്ത്ര സംവിധായകന്‍ അയന്‍ മുഖര്‍ജി. ബ്രഹ്മാസ്ത്രയുടെ ക്രെഡിറ്റില്‍ 'മിസ്റ്റർ ഷാരൂഖ് ഖാനോട് എക്കാലവും നന്ദി' എന്ന് എഴുതിയത് അതുകൊണ്ടാണെന്നും അയന്‍ മുഖര്‍ജി പറഞ്ഞു.

"ചിലപ്പോൾ ആളുകൾ വന്ന് ഉദാരതയോടെയും വിശാലഹൃദയത്തോടെയും പലതും ചെയ്യാറുണ്ട്. എന്നാല്‍ ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് ഖാൻ വന്നതിന് എന്തു തിരികെനല്‍കിയാലും തികയില്ല. ബ്രഹ്മാസ്ത്രയിലെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് ഷാരൂഖ് സാറിന്റെ സാന്നിധ്യമാണ്"- അയന്‍ മുഖർജി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹന്‍ ഭാര്‍ഗവ എന്നാണ് സിനിമയിലെ ഷാരൂഖിന്‍റെ കഥാപാത്രത്തിന്‍റെ പേര്. റാവണ്‍ പോലുള്ള സിനിമകള്‍ ചെയ്ത ഷാരൂഖിന് വിഎഫ്എക്സിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ കൃത്യമായി അറിയാം. തന്‍റെ ഉദ്യമത്തെ ഷാരൂഖ് അഭിനന്ദിച്ചെന്നും പിന്തുണ നല്‍കിയെന്നും സംവിധായകന്‍ പറഞ്ഞു.

"ഷാരൂഖ് ഖാന്‍ കാമിയോ വേഷത്തില്‍ വന്നു. മറ്റാരെങ്കിലും അങ്ങനെ ചെയ്യാന്‍ തയ്യാറാകുമോയെന്ന് എനിക്കറിയില്ല. ഒരു ദിവസം ഞാൻ ആ സ്ഥാനത്ത് എത്തിയാൽ ആരെയെങ്കിലും സഹായിക്കാൻ നിസ്വാർത്ഥമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു"- അയന്‍ മുഖര്‍ജി പറഞ്ഞു.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാസ്ത്ര സെപ്തംബർ 9നാണ് റിലീസ് ചെയ്തത്. അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ബോളിവുഡ് ചിത്രങ്ങൾ തിയേറ്ററുകളിൽ തുടർച്ചയായി പരാജയപ്പെട്ടതിനിടെയാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്തത്. തിയേറ്ററുകളിൽ നിന്ന് ഒരാഴ്ച കൊണ്ട് ബ്രഹ്മാസ്ത്ര വാരിക്കൂട്ടിയത് 300 കോടി രൂപയാണ്. 410 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News