ബഹിഷ്‌കരണം നിലംതൊട്ടില്ല; ബ്രഹ്‌മാസ്ത്ര ഒരാഴ്ച കൊണ്ട് നേടിയത് 300 കോടി
410 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്
മുംബൈ: വിവിധ സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനങ്ങൾ മറികടന്ന് ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര. രൺബീർ കപൂർ നായകനും ആലിയ ഭട്ട് നായികയുമായ ചിത്രം ലോകത്തുടനീളമുള്ള തിയേറ്ററുകളിൽനിന്ന് ഒരാഴ്ച കൊണ്ട് വാരിക്കൂട്ടിയത് മുന്നൂറു കോടി രൂപയാണ്. സെപത്ംബർ ഒമ്പതിനാണ് ചിത്രം ലോകത്തുടനീളമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
ബോളിവുഡ് ചിത്രങ്ങൾ തിയറ്ററുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന വേളയിലാണ് അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയെത്തിയത്. ഇന്ത്യയിൽ ഇതുവരെ 170 കോടി രൂപയാണ് ചിത്രം നേടിയത്. നിർമാതാവ് കരൺ ജോഹറാണ് കണക്കുകൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത്. 410 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.
കാർത്തിക് അയാന്റെ ഹൊറർ കോമഡി ചിത്രം ഭൂൽ ഭുലയ്യ 2 നേടിയ 221 കോടിയുടെ കളക്ഷൻ റെക്കോർഡ് ബ്രഹ്‌മാസ്ത്ര അടുത്തയാഴ്ച മറികടക്കുമെന്നാണ് റിപ്പോർട്ട്. വിവാദമായ ദ കശ്മീർ ഫയൽസാണ് ഈവർഷം ഏറ്റവും കൂടുതൽ തിയറ്റർ കളക്ഷൻ നേടിയ ചിത്രം- 300 കോടി. എന്നാൽ ഭൂൽ ഭുലയ്യയും കശ്മീർ ഫയൽസും താരതമ്യേന ചെലവു കുറഞ്ഞ ചിത്രങ്ങളായിരുന്നു.
രൺബീറിനും ആലിയയ്ക്കും പുറമേ, അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി, ഡിംപിൾ കപാഡിയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ. ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്.