ഓസ്കര്‍ 2023: മികച്ച നടൻ ബ്രെണ്ടൻ ഫേസർ
ദ വെയ്‍ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം
ലോസ് ആഞ്ചല്‍സ്: മികച്ച നടനുള്ള 95ആം ഓസ്കര്‍ പുരസ്കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‍ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‍ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതിനിടെ ബ്രെണ്ടൻ ഫേസര്‍ വികാരാധീനനായി. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ബ്രെണ്ടൻ ഫേസര്‍ നന്ദി പറഞ്ഞു.
മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ.
14 വർഷത്തിന് ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തി. ആർആർആറിലെ 'നാട്ടു നാട്ടു' മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്പറേഴ്സ് മികച്ച ഷോർട്ട് ഡോക്യുമെന്‍ററിയായി.
എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതേ സിനിമയിലെ അഭിനയത്തിന് ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ഗിയെര്‍മോ ദെല്‍തോറോയുടെ പിനോക്കിയോ ആണ് മികച്ച ആനിമേഷന്‍ ചിത്രം. നവാല്‍നി ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പുരസ്കാരം ആന്‍ ഐറിഷ് ഗുഡ്ബൈയ്ക്കാണ്. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് എന്ന സിനിമയിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ റൂത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍) സ്വന്തമാക്കി.
ഒറിജിനൽ സ്കോർ പുരസ്കാരം വോക്കർ ബെർട്ടൽമൻ സ്വന്തമാക്കി. ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് എന്ന സിനിമയ്ക്കാണ് പുരസ്കാരം. ഇതേ സിനിമയ്ക്കാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ വിഭാഗത്തിലെ പുരസ്കാരം. വിഷ്വല്‍ എഫക്ട് പുരസ്കാരം അവതാര്‍ ദ വേ ഓഫ് വാട്ടറിനാണ്.