ദുബായിൽ ജോലി ചെയ്ത കാലത്ത് ബുർജ് ഖലീഫയുടെ പണി നടക്കുകയാണ്, ഇതു പ്രതീക്ഷിച്ചില്ല: ദുൽഖർ
കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്.
ബുർജ് ഖലീഫയിൽ തന്റെ ചിത്രവും സിനിമയും തെളിഞ്ഞത് മറക്കാനാകാത്ത അനുഭവമെന്ന് നടൻ ദുൽഖർ സൽമാൻ. സ്വപ്‌നത്തിൽ പോലും ഇതു പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു. പുതിയ സിനിമ കുറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
'ദുബായിൽ കൺസ്ട്രക്ഷൻ മേഖലയിൽ ഒരുപാട് നാൾ ജോലി ചെയ്തയാളാണ്. അന്നൊക്കെ ബുർജ് ഖലീഫയുടെ വർക്ക് നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. ഒരിക്കലും ജീവിതത്തിൽ ഇങ്ങനെയൊരു കാര്യം സാധ്യമാണ് എന്ന് സങ്കൽപ്പിച്ചിട്ടില്ല, സ്വപ്‌നം പോലും കണ്ടിട്ടില്ല.' - ദുൽഖർ പറഞ്ഞു.
'ഇത് മറക്കാന്‍ കഴിയാത്ത നിമിഷമാണ്. ചരിത്രമുഹൂർത്തമാണ്. എല്ലാവരും കുറുപ്പ് സിനിമ തിയേറ്ററിൽ തന്നെ കാണണം. 1500ലേറെ തിയേറ്ററുകളിൽ ലോകത്തുടനീളം സിനിമ റിലീസ് ചെയ്യുന്നുണ്ട്.' - താരം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 35 കോടി രൂപയാണ് നിർമാണച്ചെലവ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്‌സും ചേർന്നാണ് നിർമാണം. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുവന്ന 40 കോടിയുടെ ഓഫർ വേണ്ടെന്നു വച്ചാണ് സിനിമ തിയേറ്ററുകളിലെത്തുന്നത് എന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയാണ് ഇതിൽ നിർണായക ഇടപെടൽ നടത്തിയത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കെഎസ് അരവിന്ദ്, ജിതിൻ കെ ജോസ്, ഡാനിയേൽ സയൂജ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. നിമിഷ് രവി ഛായാഗ്രഹണം. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ദേശീയ പുരസ്‌കാര ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ്.