'കേരള സ്റ്റോറി' സിനിമയ്ക്ക് എതിരെ കേസെടുക്കണം; നിര്‍ദേശം നല്‍കി ഡി.ജി.പി
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്
തിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമയ്ക്ക് എതിരേ കേസെടുക്കാൻ ഡി.ജി.പിയുടെ നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. കേരള പൊലീസിന്‍റെ ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് നിർദേശം. സിനിമയുടെ ടീസറിൽ നിയമവിരുദ്ധ ഉള്ളടക്ക മുണ്ടെന്നാണ് ഹൈടെക് സെൽ റിപ്പോർട്ട്.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു. വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്.
സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകന്‍ ഇതുസംബന്ധിച്ച് സെൻസർ ബോർഡിന് പരാതിയും നൽകിയിരുന്നു. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉയർത്തിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.