"ഒറ്റ കട്ടും ഇല്ലാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്"; 'കശ്മീര്‍ ഫയല്‍സ്' സംവിധായകനും സെന്‍സര്‍ ബോര്‍ഡ് അംഗവും ഒരാള്‍, സിനിമക്കെതിരെ ഗുരുതര ആരോപണങ്ങള്‍
ബിജെപിയും മോദി സർക്കാരും സ്പോൺസർ ചെയ്യുന്ന ശുദ്ധമായ രാഷ്ട്രീയ പ്രചരണ സിനിമയാണ് കശ്മീര്‍ ഫയല്‍സെന്ന് സാകേത് ഗോഖലെ
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' സിനിമക്കെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ. കശ്മീര്‍ ഫയല്‍സ് സിനിമക്ക് ഒരു കട്ടും നിര്‍ദ്ദേശിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ സിനിമയുടെ സംവിധായകനായ വിവേക് അഗ്നിഹേത്രിയാണെന്നും സാകേത് ഗോഖലെ പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടി ആരോപിച്ചു. 2021 നവംബര്‍ മൂന്നിനാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിവേക് അഗ്നിഹോത്രിയുടെ പേരിലാണ് സിനിമ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചത്.
അതെ സമയം സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടേതായി സി.ബി.എഫ്.സി പുറത്തുവിട്ട ലിസ്റ്റില്‍ അഞ്ചാമതായി സംവിധായകനായ വിവേക് അഗ്നിഹോത്രിയുടെ പേരും നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ സിനിമ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഒറ്റ പേരുള്ള വിവേക് അഗ്നിഹോത്രിയാണ്. എട്ട് പേരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി ബോര്‍ഡിലുള്ളത്. ബിജെപിയും മോദി സർക്കാരും സ്പോൺസർ ചെയ്യുന്ന ശുദ്ധമായ രാഷ്ട്രീയ പ്രചരണ സിനിമയാണ് കശ്മീര്‍ ഫയല്‍സെന്ന് സാകേത് ഗോഖലെ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ വേദന ലജ്ജയില്ലാതെ വിദ്വേഷം പ്രചരിപ്പിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനും കോടികൾ സമ്പാദിക്കാനും ബിജെപിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ മാത്രം ഉപയോഗിച്ചതായും സാകേത് ഗോഖലെ ആരോപിച്ചു.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കശ്മീർ ഫയല്‍സ് സിനിമയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.