ചെമ്പോത്ത് സൈമണിന്‍റെ അരങ്ങേറ്റം രാജസ്ഥാനില്‍; മോഹൻലാൽ-ലിജോ സിനിമയുടെ ചിത്രീകരണ തിയതി തീരുമാനിച്ചു
ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിൻ്റെ ചിത്രീകരണ തിയതി തീരുമാനിച്ചു. അടുത്ത വര്‍ഷം ജനുവരി പത്തിന് ചിത്രത്തിന്‍റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കും. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്. മോഹന്‍ലാലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടയാണ് ലിജോയുമായി ആദ്യമായി ഒന്നിച്ച് സിനിമയൊരുക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 'മലക്കോട്ട വാലിബന്‍' എന്നാണ് പേരെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തി കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുകയെന്നും ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയായിട്ടാണ് സിനിമ ആലോചനയിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെ സമയം സിനിമയുടെ പേരുൾപ്പടെയുള്ള വിശദാംശങ്ങൾ അധികം വൈകാതെ പുറത്തുവിടുമെന്ന് നിർമാതാക്കളിൽ ഒരാളായ സെഞ്ച്വറി കൊച്ചുമോൻ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് ലിജോയുടെ ഏറ്റവും പുതിയ സിനിമ. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.ചിത്രം അധികം വൈകാതെ തന്നെ പുറത്തുവരുമെന്ന് മമ്മൂട്ടി അറിയിച്ചു.