സിനിമാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ചിരഞ്ജീവി

ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്

Update: 2021-04-21 04:45 GMT
Editor : Jaisy Thomas
Advertising

സിനിമാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് തെലുങ്ക് നടന്‍ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്.

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ സിനിമപ്രവര്‍ത്തകര്‍ക്കും തെലുങ്ക് ഫിലിം ജേര്‍ണലിസ്റ്റുകള്‍ക്കും സൌജന്യമായി വാക്സിന്‍ നല്‍കുമെന്ന് ചിരഞ്ജീവി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു. വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാമെന്ന് താരം കൂട്ടിച്ചേര്‍ത്തു. വാക്സിന്‍ വിതരണം ഒരു മാസത്തോളം നീണ്ടുനില്‍ക്കും.

തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് കഴിഞ്ഞ വര്‍ഷമാണ് ചിരഞ്ജീവി സിസിസിക്ക് തുടക്കം കുറിക്കുന്നത്. ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തികസഹായങ്ങള്‍ ചെയ്തിരുന്നു. നടന്‍മാരായ നാഗാര്‍ജുന, പ്രഭാസ്, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നടി കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം കൊറോണ ക്രൈസിസ് സൊസൈറ്റിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഈ ഫണ്ട് ലോക്ഡൌണില്‍ ജോലി നഷ്ടമായ സിനിമക്കാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നല്‍കാനാണ് വിനിയോഗിച്ചത്.

Tags:    

Editor - Jaisy Thomas

contributor

Similar News