വാർത്തകൾ വ്യാജം, വിക്രം ഉടൻ ആശുപത്രി വിടും- മാനേജർ

ഹൃദയാഘാതത്തെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Update: 2022-07-08 11:30 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: തെന്നിന്ത്യൻ നടൻ വിക്രമിന് ഹൃദയഘാതം സംഭവിച്ചതായുള്ള വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ മാനേജർ സൂര്യനാരായണൻ. നെഞ്ചിൽ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും ഹൃദയാഘാതം സംഭവിച്ചതായുള്ള വാർത്തകൾ തെറ്റാണെന്നും സൂര്യനാരായണൻ ട്വീറ്റ് ചെയ്തു. താരം ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു

''പ്രിയപ്പെട്ട ആരാധകരോടും അഭ്യുദയകാംക്ഷികളോടും. ചിയാൻ വിക്രമിന് നെഞ്ചിൽ ചെറിയൊരു അസ്വസ്ഥതയെ നേരിട്ടിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ചികിത്സ തേടിയത്. തെറ്റായ വാർത്തകളെപ്പോലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ വേദനയോടെയാണ് കേൾക്കുന്നത്. അതിനാൽ, അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയത്ത് ആവശ്യമായ സ്വകാര്യത വകവച്ചുനൽകണം.''-സൂര്യനാരായണൻ ട്വീറ്റിൽ വ്യക്തമാക്തി.

പ്രിയപ്പെട്ട ചിയാൻ ഇപ്പോൾ നല്ല നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ഒരു ദിവസത്തിനകം തന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിപ്പിക്കണമെന്നും താരത്തിന്റെ മാനേജർ ആവശ്യപ്പെട്ടു.

ഹൃദയാഘാതത്തെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിക്രമിന് ആൻജിയോ പ്ലാസ്റ്റി ചികിത്സയും നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിക്രം നായകനായ മണിരത്‌നത്തിൻറെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ ടീസർ ലോഞ്ചിങ്ങിൽ പങ്കെടുക്കാനിരിക്കെയായിരുന്നു സംഭവം. വൈകിട്ട് ആറിന് ചെന്നൈയിലാണ് ചടങ്ങ് നടക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രത്തിൽ ആദിത്യ കരികാലൻ എന്ന ചോള രാജാവിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കോബ്രയാണ് വിക്രമിന്റേതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ആഗസ്റ്റ് 11നാണ് ചിത്രത്തിന്റെ റിലീസ്.

Summary: ''Chiyaan Vikram had mild chest discomfort and didn't have a heart attack as reports falsely claim, he is fine now'', says actor's manager Suryanarayanan M

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News