കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരിച്ചുപോകുന്നതു പോലെയായിരിക്കുമത്; ഓസ്കര്‍ അവതാരകനാകാനുള്ള ക്ഷണം നിരസിച്ച് ക്രിസ് റോക്ക്

ഫീനിക്‌സ് ഡൗണ്ടൗണിലെ അരിസോണ ഫിനാൻഷ്യൽ തിയറ്ററിലെ തന്‍റെ ഷോയ്‌ക്കിടെയാണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കൂടിയായ ക്രിസ് ക്ഷണം നിരസിച്ച കാര്യത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Update: 2022-08-30 07:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

അരിസോണ: 2022ലെ ഓസ്കര്‍ പുരസ്കാര ചടങ്ങിന്‍റെ തിളക്കം മുഴുവന്‍ കെടുത്തിയ ഒന്നായിരുന്നു നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്‍റെ കരണത്തടിച്ച സംഭവം. ക്രിസ് തന്‍റെ ഭാര്യയെ പരിഹസിച്ചതില്‍ രോഷാകുലനായ വില്‍ സ്മിത്ത് ക്രിസിനെ വേദിയിലെത്തി ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് നടന്‍ അവതാരകനോട് മാപ്പ് ചോദിച്ചെങ്കിലും ഓസ്കര്‍ ചരിത്രത്തിലെ കറുത്ത അധ്യായമായി അതു മാറി. ഇപ്പോഴിതാ അടുത്ത വര്‍ഷം നടക്കുന്ന ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകനാകാനുള്ള ക്ഷണം ക്രിസ് റോക്ക് നിരസിച്ചിരിക്കുകയാണ്.

ഫീനിക്‌സ് ഡൗണ്ടൗണിലെ അരിസോണ ഫിനാൻഷ്യൽ തിയറ്ററിലെ തന്‍റെ ഷോയ്‌ക്കിടെയാണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കൂടിയായ ക്രിസ് ക്ഷണം നിരസിച്ച കാര്യത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഒരു സൂപ്പർ ബൗൾ പരസ്യം ചെയ്യാനുള്ള അവസരം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു, എന്നാൽ താൻ അത് നിരസിച്ചുവെന്നാണ് ക്രിസ് പറഞ്ഞത്. ഓസ്കര്‍ വേദിയിലേക്ക് പോകുന്നത് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതു പോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച നടന്ന 90 മിനിറ്റ് ഷോയില്‍ ഓസ്കര്‍ വേദിയില്‍ തനിക്കേറ്റ അടിയെക്കുറിച്ചും ഹ്രസ്വമായി പരാമര്‍ശിച്ചു. ഒരു വ്യക്തിക്ക് ഇരയാകുന്നതിലൂടെ എങ്ങനെ പ്രശസ്തനാകാൻ കഴിയുമെന്ന് റോക്ക് സൂചിപ്പിച്ചതുപോലെ, ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ 'അതിനെക്കുറിച്ച് സംസാരിക്കൂ' എന്ന് വിളിച്ചുപറഞ്ഞു. 2023 ലെ ചടങ്ങില്‍ അവതാരകനാകാന്‍ റോക്കിനോട് ആവശ്യപ്പെട്ടോ എന്ന കാര്യം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. പിങ്കറ്റ് സ്മിത്ത് തലമുടി കൊഴിഞ്ഞു പോകുന്ന രോഗമായ അലോപേഷ്യ ബാധിതയാണ്. മികച്ച ഡോക്യുമെന്‍റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് പറഞ്ഞു. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്‍റെ ലുക്കാണ് ജാഡക്ക് എന്നായിരുന്നു ക്രിസ് റോക്കിന്‍റെ പരിഹാസം. ക്രിസിന്‍റെ തമാശ ജാഡയെ അസ്വസ്ഥമാക്കിയെന്ന് വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു. ഭാര്യയെ ആ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയ വില്‍ സ്മിത്ത് ക്രിസിന്‍റെ മുഖത്തടിച്ചു. നിന്‍റെ വൃത്തികെട്ട വായ കൊണ്ട് എന്‍റെ ഭാര്യയെക്കുറിച്ച് പറയരുതെന്ന് ഉറക്കെപ്പറയുകയും ചെയ്തു. തുടര്‍ന്ന് ഓസ്കര്‍ പുരസ്കാര വേദിയില്‍ വച്ചു തന്നെ വില്‍ സ്മിത്ത് പരസ്യമായി മാപ്പു പറഞ്ഞു. തൊട്ടടുത്ത ദിവസം ക്രിസ് റോക്കിനോട് വില്‍ സ്മിത്ത് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ നിന്നും വില്‍ സ്മിത്ത് രാജി വയ്ക്കുകയും ചെയ്തു. ഓസ്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സ്മിത്തിനെ അക്കാദമി വിലക്കുകയും ചെയ്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News