ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി; ചിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ

Update: 2023-07-27 04:47 GMT
Editor : Jaisy Thomas | By : Web Desk

കെ.എസ് ചിത്ര

Advertising

തിരുവനന്തപുരം: മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലൊരു ജീവിതം ആശംസിക്കുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ചിത്രയുടെ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്‍റെ കുറിപ്പ്

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല. പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചിയ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്... മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം... സാധനയുടെ നിറവ്... പൂർണതയ്ക്ക് വേണ്ടിയുള്ള ആത്മ സമർപ്പണം... ഇതെല്ലാം ചേർന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ടു പോലെ അത് നമ്മെ ആഹ്ളാദിപ്പിക്കും. ഒരു കടലാഴം പോലെ സംഗീതത്തിൻ്റെ അഗാധതയിലേക്ക് കൊണ്ടു പോകും. സ്വർണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും. നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി. മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News