IFFK 2024: കലിഡോസ്കോപ്പ് വിഭാഗത്തിൽ ഇടം നേടി 'റിപ്ടൈഡ്'
നവാഗതനായ അഫ്രദ് വി.കെ. രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച മിസ്റ്ററി പ്രണയ കഥ പറയുന്ന ചിത്രമാണ് ‘റിപ്ടൈഡ്’
തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ലോകമെമ്പാടുമുള്ള മേളകളിൽ അംഗീകാരം നേടിയ ഇന്ത്യൻ സിനിമകളെ ഉൾകൊള്ളിക്കുന്ന 'ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ' ഇടം നേടി മലയാള ചിത്രം 'റിപ്ടൈഡ്'.
ആറ് സിനിമകൾ തിരഞ്ഞെടുക്കപെട്ട ഈ വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളാണ് ഉള്ളത്. ദേശീയ പുരസ്‌കാരം ഉൾപ്പെടെ സ്വന്തമാക്കിയ സൗദി വെള്ളക്കയാണ് മേളയിൽ ഈ വിഭാഗത്തിൽ ഇടം നേടിയ മറ്റൊരു മലയാള ചിത്രം. നേരത്തെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട റിപ്ടൈഡ് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ഇഷാൻ ശുക്ല സംവിധാനം ചെയ്ത ഷിർകോവ, റാം റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദി ഫെബിൾ, കോൺസ്റ്റാൻ്റിൻ ബോജനോവിൻ്റെ ദി ഷെയിംലെസ്സ്, റിമ ദാസിൻ്റെ വില്ലേജ് റോക്ക് സ്റ്റാർ എന്നിവയാണ് ഈ വിഭാഗത്തിൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സിനിമകൾ.
നവാഗതനായ അഫ്രദ് വി.കെ. രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച മിസ്റ്ററി പ്രണയ കഥ പറയുന്ന ചിത്രമാണ് ‘റിപ്ടൈഡ്’. യുവാക്കളുടെ ജീവിതത്തെ ചുറ്റിപറ്റി കഥപറയുന്ന ചിതത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നവാഗതരായ സ്വലാഹ് റഹ്മാൻ, ഫാരിസ് ഹിന്ദ് എന്നിവരാണ്. മെക്ബ്രാന്റ് പ്രൊഡക്ഷന്സിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാക്കൾ ജോമോൻ ജേക്കബ്, അഫ്രദ് വി.കെ എന്നിവരാണ്. അഭിജിത് സുരേഷാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി ഡിപ്ലോമ സിനിമയായി തുടങ്ങിയ ചിത്രത്തിന്റെ സമസ്ത മേഖലയിലും പ്രവർത്തിച്ചിരിക്കുന്നത് ചലച്ചിത്ര വിദ്യാർത്ഥികൾ ആണ്. പി.ആർ.ഓ - റോജിൻ കെ റോയ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 29ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.