'സൈന്യത്തോട് അനാദരവ് കാണിച്ചു': ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദക്കെതിരെ പരാതി
ഒരു അഭിഭാഷകനാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയത്
ലാൽ സിങ് ഛദ്ദ എന്ന സിനിമയിൽ ഇന്ത്യൻ സൈന്യത്തെ അനാദരിക്കുകയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബോളിവുഡ് നടൻ ആമിർ ഖാനെതിരെ പരാതി. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയത്.
ചിത്രത്തിൽ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നും ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആമിര്‍ ഖാൻ, സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്‌ചേഴ്‌സ് എന്നിവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.
"കാർഗിൽ യുദ്ധത്തിൽ പോരാടാൻ മാനസിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെ സൈന്യത്തിൽ ചേരാൻ അനുവദിച്ചതായി സിനിമയിൽ ചിത്രീകരിച്ചു. ഇതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കെടുത്താനും അപകീർത്തിപ്പെടുത്താനും അണിയറ പ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിച്ചു. കാർഗിൽ യുദ്ധം ചെയ്യാൻ ഏറ്റവും മികച്ച സൈനികരെയാണ് അയച്ചതെന്നും കഠിനമായ പരിശീലനം ലഭിച്ച സൈനികരാണ് യുദ്ധം ചെയ്തതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്"- വിനീത് ജിന്‍ഡാല്‍ പരാതിയില്‍ വ്യക്തമാക്കി.
സിനിമയിലെ മറ്റൊരു രംഗത്തിനെതിരെയും അഭിഭാഷകന് പരാതിയുണ്ട്- "ഒരു പാക് ഉദ്യോഗസ്ഥൻ ആമിര്‍ അവതരിപ്പിച്ച ലാൽ സിങ് ഛദ്ദ എന്ന കഥാപാത്രത്തോട് ചോദിച്ചു- ഞാൻ നമസ്‌കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലാലേ, എന്തുകൊണ്ടാണ് നിങ്ങൾ ഇത് ചെയ്യാത്തത്? അപ്പോള്‍ ഛദ്ദ നല്‍കിയ മറുപടി പൂജ മലേറിയ ആണെന്നാണ് അമ്മ പറഞ്ഞത് എന്നാണ്. ഇത് കലാപത്തിന് കാരണമാകുന്നുവെന്നും അമ്മ പറഞ്ഞു"- ഈ രംഗം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് അഭിഭാഷകന്‍റെ പരാതി.
ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അഭിപ്രായപ്രകടന, ആവിഷ്കാര സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും എന്നാൽ ഈ അവകാശത്തിന്റെ ദുരുപയോഗം രാജ്യത്തിന്റെ അന്തസ്സിനും സൗഹാർദത്തിനും ഭീഷണിയാണെന്നും അഭിഭാഷകന്‍ ഹരജിയില്‍ വിശദീകരിച്ചു. പൊതുജനങ്ങളിൽ വലിയ സ്വാധീനമുള്ള നടനാണ് ആമിർ ഖാൻ. രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും സൌഹാര്‍ദവും തകര്‍ക്കുന്ന പരാമര്‍ങ്ങള്‍ നടത്തരുതെന്ന് അഭിഭാഷകന്‍ ഹരജിയില്‍ പറയുന്നു.
1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആമിറിന്‍റെ സിനിമ തിയേറ്ററുകളില്‍ എത്തിയത്. കരീന കപൂറാണ് നായിക. പികെ എന്ന സിനിമയിലെ ചില ഡയലോഗുകളും ആമിറിന്‍റെ ഭാര്യ അസഹിഷ്ണുതയെ കുറിച്ച് നേരത്തെ നടത്തിയ പരാമര്‍ശവും ചൂണ്ടിക്കാട്ടി സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ചില തീവ്ര ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുകയുണ്ടായി.