നടൻ മൻസൂർ അലി ഖാന്റെ മാനനഷ്ടക്കേസ് കോടതി തള്ളി; ഒരു ലക്ഷം പിഴയും ചുമത്തി
ചെന്നൈ: തമിഴ് നടി തൃഷ, നടിയും ദേശീയ വനിത കമീഷൻ അംഗവുമായ ഖുശ്ബു, തെലുങ്ക് നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ തമിഴ് നടൻ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈകോടതി തള്ളി. കൂടാതെ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പ്രശസ്തിക്ക് വേണ്ടിയാണ് നടൻ കേസ് നൽകിയതെന്ന് കാണിച്ചാണ് ജസ്റ്റിസ് എൻ. സതീഷ് കുമാർ പിഴ ചുമത്തിയത്. പിഴത്തുക അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാനും ഉത്തരവിട്ടു.
ലിയോ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിൽ മൻസൂർ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിഷയത്തിൽ തൃഷയും ഖുശ്ബുവും ചിരഞ്ജീവിയുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. തുടർന്നാണ് മൻസൂർ അലി ഖാൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകിയത്.
കഴിഞ്ഞായാഴ്ച കേസിന്റെ വിചാരണക്കിടെ കോടതി മൻസൂർ അലി ഖാനെ അതിരൂക്ഷമായാണ് വിമർശിച്ചത്. പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് അറിഞ്ഞിരിക്കണമെന്നും യഥാർഥത്തിൽ തൃഷയായിരുന്നു പരാതി നൽകേണ്ടതെന്നും കോടതി വിമർശിച്ചിരുന്നു.
മൻസൂർ അലി ഖാന്റെ പരാമർശത്തിൽ ദേശീയ വനിത കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ ചെന്നൈ പൊലീസും കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ നടൻ തൃഷയോട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. തൃഷ മാപ്പ് അംഗീകരിച്ചെങ്കിലും ഇതിന് പിന്നാലെയാണ് മൻസൂർ അലി ഖാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്.