എന്താവണം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം; ഡിയര്‍ വാപ്പി തരും ഉത്തരം
പേര് സൂചിപ്പിക്കുന്ന പോലെ ഒരു വാപ്പയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
കുടുംബബന്ധങ്ങളിലെ തീവ്രതയും അടുപ്പവും വരച്ചുകാട്ടിയ ചിത്രങ്ങളെ എന്നും രണ്ടുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകര്‍... അച്ഛന്‍-മകന്‍, അച്ഛന്‍-മകള്‍, അമ്മ-മകന്‍, അമ്മ-മകള്‍ കോമ്പോ പ്രമേയമായി വന്ന ചിത്രങ്ങള്‍ക്കെല്ലാം എന്നും സ്വീകാര്യത കിട്ടിയതും അതുകൊണ്ടാണ്. പക്ഷേ അവയിലെല്ലാം പ്രമേയം മക്കളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന മാതാപിതാക്കളായിരുന്നു. ആ ജോണറില്‍ നില്‍ക്കുന്ന, എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഒരു അച്ഛന്‍റെ സ്വപ്നങ്ങള്‍ക്ക് പിറകെ പോകുന്ന മകളുടെ കഥയാണ് ഡിയര്‍ വാപ്പി...
പേര് സൂചിപ്പിക്കുന്ന പോലെ ഒരു വാപ്പയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രം ഒരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്ന് വേണം പറയാന്‍. നാട്ടിന്‍പുറത്താണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ മലയാളീപ്രേക്ഷകര്‍ക്ക് സ്ഥിരപരിചിതമല്ലാത്ത ഒരു ലൊക്കേഷനാണ് കഥ പറയാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട് അതിര്‍ത്തി പ്രദേശത്ത് ഒരു മുസ്‌ലിം ഫാമിലിയിലാണ് കഥ നടക്കുന്നത്. സാധാരണ മലയാളസിനിമയില്‍ കാണിക്കുന്ന പോലെ വില്ലന്മാരായ മുസ്‍ലിം കഥാപാത്രങ്ങളല്ല ഇതിലുള്ളത്. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോയിക്കോട്ടെ എന്ന് പറയുന്ന കഥാപാത്രങ്ങളാണ് ഈ സിനിമയിലെ സമൂഹം പോലും.
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്‍റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. അതുകൊണ്ടുതന്നെ കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്‍റിനും ചിത്രത്തില്‍ പ്രത്യേക പരിഗണനയുണ്ട്. ലാല്‍, നിരഞ്ജ് മണിയന്‍പിള്ള, അനഘ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അപ്പുണ്ണി ശശിയുടെ കളക്ടര്‍ പി വിജയന്‍ കഥാപാത്രവും കൈയ്യടി നേടി. സിനിമയില്‍ ശ്രീരേഖയുടെ അമ്മ കഥാപാത്രമായ ജുവൈരിയയും നന്നായി ചെയ്തിട്ടുണ്ട് . ചിത്രത്തില്‍ പലയിടത്തും ലാലും മകളും തമ്മിലുള്ള ഇമോഷണല്‍ ബോണ്ട് കാണിക്കുന്നുണ്ട്. വിനീത് - ശ്രീനിവാസന്‍, ജയറാം-കാളിദാസന്‍ കോമ്പോ പോലെ എടുത്തുപറയേണ്ടതാണ് ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവിന്‍റെയും നിരഞ്ജ് മണിയന്‍പിള്ളയുടെയും അച്ഛന്‍-മകന്‍ കഥാപാത്രങ്ങള്‍.
കൈലാസ് മേനോന്‍റെ സംഗീതസംവിധാനത്തിലുള്ള പാട്ടുകളെല്ലാം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ കഥാഗതിക്കനുസരിച്ചുളള ബിജിഎമ്മുകളും വളരെ നന്നായിട്ടുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ക്രൗണ്‍ ഫിലിംസാണ് ബാനര്‍. ചിത്രത്തിന്‍റെ രചനയും ഷാന്‍ തുളസീധരനാണ്.