'കാലം തെറ്റി വന്ന സിനിമ'; ദേവദൂതനെക്കുറിച്ച് മോഹന്‍ലാല്‍, ട്രെയിലര്‍ പുറത്ത്
'ദേവദൂത'ന്‍റെ പ്രിന്‍റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്‌ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്
24 വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസിനൊരുങ്ങുകയാണ് മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍. ഫോര്‍ കെ മികവിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. 2000 ഡിസംബര്‍ 25നാണ് ദേവദൂതന്‍ റിലീസ് ചെയ്യുന്നത്. അന്ന് ചിത്രം പരാജയമായിരുന്നെങ്കിലും മോഹന്‍ലാലിന്‍റെയും സിബി മലയിലിന്‍റെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ദേവദൂതനുമുണ്ട്. 'ദേവദൂതന്‍' സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരോട് എന്തോ പറയാനുണ്ടെന്നും അതുകൊണ്ടാണ് ഇത്രകാലം ലാബില്‍ ഇരുന്നിട്ടും നശിച്ചു പോകാത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.
24 വര്‍ഷം മുമ്പുണ്ടായിരുന്ന ലാബുകളില്‍ പലതും ഇന്നില്ല. എന്നാല്‍ 'ദേവദൂത'ന്‍റെ പ്രിന്‍റ് ഇപ്പോഴുമുണ്ട് എന്നതില്‍ നിന്നുതന്നെ ഈ സിനിമയ്‌ക്കൊരു ഭാഗ്യമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ടെന്നാണ് സിനിമയില്‍ പറയുന്നത്. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ട്'. മോഹന്‍ലാല്‍ പറഞ്ഞു. ദേവദൂതന്‍ റീറിലീസ് ചെയ്യുന്ന കാര്യം സിയാദ് കോക്കര്‍ പറഞ്ഞപ്പോള്‍ സിനിമ ഇപ്പോഴും കേടുപാടുകള്‍ പറ്റാതെ ഇരിപ്പുണ്ടോ എന്ന് അതിശയത്തോടെയാണ് താന്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് ഈ സിനിമ. ഇപ്പോഴും ഞാന്‍ ഇടയ്ക്ക് ഇരുന്ന് ഈ സിനിമയിലെ പാട്ടുകള്‍ കാണാറുണ്ട്. ഇതില്‍ എന്റെ കൂടെ അഭിനയിച്ച ആള്‍ക്കാരെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്, ജയപ്രദ, വിജയലക്ഷ്മി, മുരളി, അങ്ങനെ ഒരുപാടുപേരെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. എന്തുകൊണ്ട് ഈ സിനിമ അന്ന് ഓടിയില്ല എന്ന് ചോദിച്ചാല്‍, ഇത് കാലം തെറ്റി വന്നതാകും, അന്ന് ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നത് മനസ്സിലായിക്കാണില്ല. ഒരുപക്ഷെ ഈ സിനിമ മറ്റ് ഏതെങ്കിലും സിനിമയോടൊപ്പം ഇറങ്ങിയതുകൊണ്ടാകാം അല്ലെങ്കില്‍ ഈ സിനിമയുടെ പേസ് ആള്‍ക്കാരില്‍ ഏതാണ് സാധിച്ചുകാണില്ല. പക്ഷെ അന്ന് ഈ സിനിമ കാണുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു, അതിന്‍റെ സൗണ്ട് ആയാലും സംഗീതം ആയാലും, ക്യാമറ ആയാലും എല്ലാം. എത്രയോ നല്ല സിനിമകള്‍ ഓടാതെ ഇരുന്നിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അതിന് ഉചിതമായ ഒരു ഉത്തരം തരാന്‍ കഴിയില്ല, ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. പക്ഷേ സിബി അതിനെ റീ എഡിറ്റ് ചെയ്യണം എന്നുപറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇപ്പോള്‍ നിങ്ങളോട് എന്തോ പറയാനുണ്ട് അത് അദ്ദേഹം മനോഹരമായി ചെയ്തിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.' മോഹന്‍ലാല്‍ പറഞ്ഞു.