സിനിമകളിലെ ഹിന്ദു വിരുദ്ധ ഉള്ളടക്കം പരിശോധിക്കാൻ 'ധർമ സെൻസർ ബോർഡ്' വരുന്നു

വിവിധ രംഗങ്ങളിൽനിന്നുള്ള 11 പേരടങ്ങുന്ന സമിതിയാണ് സിനിമകളുടെയും ടെലിവിഷൻ-ഒ.ടി.ടി പരിപാടികളുടെയും ഉള്ളടക്കം പരിശോധിക്കുക

Update: 2023-01-11 12:16 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാൻ സെൻസർ ബോർഡുമായി ഹിന്ദു പുരോഹിതൻ. ഉത്തരാഖണ്ഡിലെ ജോഷിമഠ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതിഷ് പീഠത്തിലെ പുരോഹിതനായ സ്വാമി അവിമുക്തേശ്വരനാനന്ദ് സരസ്വതിയാണ് 'ധർമ സെൻസർ ബോർഡ്' എന്ന പേരിൽ പ്രത്യേക സമിതിക്കു രൂപംനൽകിയിരിക്കുന്നതെന്ന് 'ഇന്ത്യ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സിനിമകളിലും സീരിയലുകളിലും വെബ് സീരീസുകളിലുമുള്ള ഹിന്ദുമത-പുരാണ വിരുദ്ധ ഉള്ളടക്കങ്ങൾ പരിശോധിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.

ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷന്‍ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവിമുക്തേശ്വരാനന്ദ് ആണ് പ്രഖ്യാപനം നടത്തിയത്. ഷാറൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം 'പത്താനു'മായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് പുതിയ നീക്കം. അവിമുക്തേശ്വരാനന്ദ് നേതൃത്വം നൽകുന്ന സമിതിയിൽ വിവിധ രംഗങ്ങളിൽനിന്നുള്ള 11 അംഗങ്ങളാണുണ്ടാകുക. സുപ്രിംകോടതി അഭിഭാഷകർ, ഹിന്ദു പുരോഹിതർ, മാധ്യമപ്രവർത്തകർ, സാഹിത്യകാരന്മാർ, ചരിത്രകാരന്മാർ, ചലച്ചിത്ര അഭിനേതാക്കൾ, സാമൂഹിക പ്രവർത്തകൻ, യു.പി ഫിലിം സെൻസർ ബോർഡ് വൈസ് ചെയർമാൻ അടങ്ങിയവരായിരിക്കും സമിതി അംഗങ്ങൾ.

സമിതി അംഗങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകും. ഡൽഹി-എൻ.സി.ആർ കേന്ദ്രമായാണ് സെൻസർ ബോർഡ് പ്രവർത്തിക്കുക. 15ന് ഡൽഹി ഓഫിസിന്റെ പ്രവർത്തനം ആരംഭിക്കും. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും ഓഫിസുകൾ തുറക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്കായി സെൻസർ ബോർഡ് മാർഗനിർദേശം പുറത്തിറക്കും.

സിനിമകൾ, ടെലിവിഷൻ പരിപാടികൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ വരുന്ന മതപരമായ കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, നിറം, പൊട്ട്, തിരക്കഥ അടക്കമുള്ള മുഴുവൻ കാര്യങ്ങളും പരിശോധിക്കും. ഇതിൽ ഹിന്ദു മതത്തിനും പുരാണങ്ങൾക്കും വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ബോർഡ് നിയമനടപടി സ്വീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ് അറിയിച്ചു. സ്‌കൂൾ പാഠപുസ്തകങ്ങളും നാടകങ്ങളും സമിതി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Summary: Swami Avimukteshwaranand Saraswati, a spiritual leader from Joshimath declared a Dharma Censor Board to review the content related to the insult of Hindu religion in films and television-OTT serials

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News