ഇപ്പോഴും വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല, അച്ഛനെയും ചേട്ടനെയും നാറ്റിച്ചുകൊണ്ടിരിക്കുകയല്ലേ: ധ്യാന്‍ ശ്രീനിവാസന്‍

മാത്യു അവതരിപ്പിക്കുന്ന ദാസനും പ്രത്യേകിച്ച് സ്വപ്‌നങ്ങളില്ല. അങ്ങനെയുള്ളവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ധ്യാൻ ചോദിക്കുന്നു

Update: 2022-06-16 10:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി നവാഗതനായ ഷഹാദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. മാത്യു തോമസ്, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. പ്രമോഷന്‍റെ ഭാഗമായി നടത്തുന്ന വാര്‍ത്താസമ്മേളനത്തിനിടെയുള്ള ധ്യാനിന്‍റെ രസകരമായ മറുപടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സ്വന്തം ജീവിതത്തിൽ നിന്ന് ചികഞ്ഞെടുത്ത കാര്യങ്ങളാണെന്ന് പറഞ്ഞല്ലോയെന്നും അത് എന്തൊക്കെ കാര്യങ്ങളാണെന്നും ആയിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. 'ഇതൊക്കെ ദാരിദ്ര്യത്തിന് താഴെ, ഞാൻ ഒക്കെ റിച്ച് ഫാമിലിയല്ലേ. ഇത് മിഡിൽ ക്ലാസിനും താഴെ നിൽക്കുന്ന പാവപ്പെട്ട കുടുംബമാണ്' എന്നായിരുന്നു' ധ്യാനിന്‍റെ ചിരിയോടെയുളള മറുപടി. വ്യക്തിപരമായുള്ള അനുഭവങ്ങളൊന്നും സിനിമക്കായി എടുത്തിട്ടില്ലെന്നും എന്നാൽ മാത്യു ചെയ്യുന്ന കഥാപാത്രം തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും ധ്യാൻ പറഞ്ഞു.

മാത്യുവിന്‍റെ കഥാപാത്രത്തിന് ഒരുപാട് കഴിവുകളുള്ള ഒരു അനിയനുണ്ട്. ചെറിയ പ്രായത്തില്‍ ചിത്രം വരയ്ക്കുന്ന, മള്‍ട്ടി ടാലന്‍റഡായ ഒരു അനിയനും ഒരു കഴിവുമില്ലാത്ത ചേട്ടനുമാണ് ഈ സിനിമയില്‍.അത് തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും കുട്ടിക്കാലത്ത് തനിക്ക് യാതൊരു കഴിവുമില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു. എക്സ്ട്രാകരിക്കുലർ പോയിട്ട് അക്കാദമിക്കലിയും താൻ ഗുഡ് ആയിരുന്നില്ലെന്നും അപ്പോ സ്വാഭാവികമായും അച്ഛനമ്മമാര്‍ക്ക് നമ്മളെപ്പറ്റി പറയാന്‍ ഒന്നുമില്ലെന്നും ധ്യാൻ പറഞ്ഞു. എഴുന്നേല്‍ക്കും, ചോറ് തിന്നും, ഉറങ്ങും. 20- 22 വയസുവരെ അങ്ങനെയൊരു ജന്തുവായിരുന്നു താനെന്നും ധ്യാൻ പറഞ്ഞു. ഇപ്പോഴും വീടിന് നമ്മളെക്കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും അച്ഛനെയും ചേട്ടനെയുമൊക്കെ ഇന്‍റര്‍വ്യൂവില്‍ നാറ്റിച്ച് കൊണ്ടിരിക്കുകയാണല്ലോയെന്നും ആ രീതിയില്‍ തനിക്ക് മാത്യുവിനെ ഭയങ്കരമായി റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നും ധ്യാൻ പറഞ്ഞു. മാത്യു അവതരിപ്പിക്കുന്ന ദാസനും പ്രത്യേകിച്ച് സ്വപ്‌നങ്ങളില്ല. അങ്ങനെയുള്ളവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും ധ്യാൻ ചോദിക്കുന്നു. അത് മാത്രമേ കണക്ട് ചെയ്യാൻ പറ്റുന്നതുള്ളൂവെന്നും ധ്യാൻ പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News