'കാണിച്ചുകൂട്ടിയ അഹങ്കാരത്തിനു ദൈവം തിരിച്ചുകൊടുത്ത പണി'; ആസിഫ്-രമേശ് നാരായണന്‍ വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍
'പരിപാടിയുടെ സംഘാടനത്തില്‍ പാളിച്ച തോന്നിയിട്ടുണ്ട്. അത്രയും മുതിര്‍ന്നയാളെയൊക്കെ വേദിയില്‍ വിളിച്ചു വേണം മെമന്റോ നല്‍കാന്‍. അതില്‍ അദ്ദേഹം മാനസികമായി വിഷമത്തിലായിരുന്നു.'
കൊച്ചി: ആസിഫ് അലി-രമേശ് നാരായണന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു വേദിയില്‍ സ്വയം അപമാനിതനായി നില്‍ക്കുമ്പോള്‍ മറ്റൊരാളെ അതേ തരത്തില്‍ അപമാനിക്കുന്നത് ശരിയാണോ എന്ന് ധ്യാന്‍ ചോദിച്ചു. രമേശ് നാരായണന്‍ പറഞ്ഞ മാപ്പ് ഉള്ളില്‍ തട്ടിപറഞ്ഞതാണെന്നു തോന്നുന്നില്ലെന്നും താരം പറഞ്ഞു.
'പരിപാടിയുടെ സംഘാടനത്തില്‍ പാളിച്ച തോന്നിയിട്ടുണ്ട്. അത്രയും മുതിര്‍ന്നയാളെയൊക്കെ വേദിയില്‍ വിളിച്ചു വേണം മെമന്റോ നല്‍കാന്‍. അതില്‍ അദ്ദേഹം മാനസികമായി വിഷമത്തിലായിരുന്നു. അതുകൊണ്ടാണ് ആസിഫിനെ പരിഗണിക്കാതിരുന്നതെന്നുമാണു പറഞ്ഞത്. പേര് മാറിവിളിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, നമ്മള്‍ ഇങ്ങനെ അപമാനിതനായി നില്‍ക്കുന്ന അതേ സമയത്ത്, അതേ രീതിയില്‍ മറ്റൊരാളെ അപമാനിക്കാന്‍ പാടുണ്ടോ? അതേ അനുഭവം തന്നെയല്ലേ മറ്റെയാളും നേരിട്ടിട്ടുണ്ടാകുക!'-ധ്യാന്‍ ചൂണ്ടിക്കാട്ടി.
'കുറച്ചുപേര്‍ അറിയുന്ന ആളാകുമ്പോള്‍, നമ്മുടെ ക്ഷോഭവും കലിയും വികാരങ്ങളുമൊന്നും അങ്ങനെ പുറത്ത് കാണിക്കാന്‍ പാടില്ല. പ്രത്യേകിച്ചും പൊതുവേദിയിലൊന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. എല്ലാവരും കാണുകയല്ലേ ഇത്. ആസിഫ് അലിയെ പോലെയുള്ള ഒരാളെ അങ്ങനെയാണ് അവഗണിച്ചത്. തോളില്‍ തട്ടി എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അത് പച്ചക്കള്ളമാണ്. അദ്ദേഹം അങ്ങനെയൊന്നും ചെയ്തിട്ടില്ല. പിന്നീട് വാര്‍ത്തയൊക്കെ വന്ന്, കാര്യങ്ങള്‍ കൈവിട്ടു എന്നു കണ്ടപ്പോള്‍ ക്ഷമ ചോദിച്ചുവരികയായിരുന്നു. ഇപ്പോള്‍ സോറി പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണ്.'
ആസിഫ് ചെറിയൊരു ചിരിയോടെ അത് അവസാനിപ്പിച്ചു. അതു പരിഗണിക്കാതെ വിടുകയായിരുന്നു. ആസിഫിന് ഒരു നിമിഷമെങ്കിലും വേദനയുണ്ടായിക്കാണുമല്ലോ.. ഇത്രയും ആളുകള്‍ക്കു മുന്നില്‍ അപമാനിതനാകുന്ന അനുഭവം നമുക്ക് നേരിട്ടുണ്ടാകുമ്പോള്‍ മാത്രമേ മനസിലാകൂ. അദ്ദേഹം സോറി പറഞ്ഞത് മനസില്‍ തട്ടി പറഞ്ഞതായി തോന്നുന്നില്ല. നമ്മള്‍ എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടിയതിനും, കാണിച്ച അഹങ്കാരത്തിനുമൊക്കെ ദൈവം വഴിയേ ഇതുപോലെ പണിയായി തിരിച്ചുകൊടുത്തതായാണു തോന്നുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദത്തില്‍ നേരത്തെ ആസിഫ് അലി ആദ്യമായി പ്രതികരിച്ചിരുന്നു. തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും എന്നാലതു മറ്റൊരാളോടുള്ള വിദ്വേഷ കാംപയിനാക്കി മാറ്റരുതെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. കൊച്ചിയിലെ സിനിമാ പ്രമോഷന്‍ പരിപാടിയിലായിരുന്നു പ്രതികരണം.
രമേശ് നാരായണനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാനാണ് ഞാന്‍ പ്രതികരിക്കുന്നത്. സ്റ്റേജിലേക്ക് വിളിക്കുന്ന സമയത്ത് പേര് തെറ്റിവിളിച്ചു. മെമന്റോ കൊടുക്കുന്ന സമയത്ത് കാലിന് വേദനയുള്ളതിനാല്‍ വേദിയിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. അത്തരം ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ടിരുന്നു. അതിനാല്‍ ആ സമയത്ത് ഏതൊരു വ്യക്തിയും പ്രതികരിക്കുന്നത് പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. സംഭവത്തില്‍ എനിക്ക് ഒരു രീതിയിലുമുള്ള വിഷമമോ പരിഭവമോ ഇല്ലെന്നും ആസിഫ് പറഞ്ഞു.
Summary: 'The apology given by Ramesh Narayan does not seem to be a sincere one'; Dhyan Srinivasan reacts to the Asif Ali-Ramesh Narayan controversy