'കറുപ്പ് മോശമാണെന്ന് അദ്ദേഹം പറഞ്ഞോ?'; മമ്മൂട്ടി പറഞ്ഞത് തമാശയെന്ന് ഷൈൻ ടോം ചാക്കോ
''തന്നെയെന്തിന് ചക്കരയോട് ഉപമിച്ചു എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്. സാദൃശ്യം തോന്നാത്ത ഒന്നിനോട് ഉപമിക്കാൻ പാടില്ലല്ലോ''
നടൻ മമ്മൂട്ടിയുടെ ചക്കര, കരിപ്പെട്ടി വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. കറുപ്പ് മോശമാണെന്നോ വെളുത്തതിന് മാത്രമാണ് ഭംഗിയുള്ളതെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. തന്നെയെന്തിന് വേറെ കളറുള്ള സാധനവുമായി ഉപമിച്ചു എന്നുള്ളത് കുസൃതി ചോദ്യം പോലെ അദ്ദേഹം ചോദിക്കുകയാണുണ്ടായതെന്നും ഷൈൻ ടോം ചാക്കോ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൊതുവേദികളിൽ സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ടനസ് സിനിമാ താരങ്ങൾക്ക് സമ്മർദം സൃഷ്ടിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷൈൻ ടോം ചാക്കോ.
മമ്മൂട്ടി ആരെയും ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആന കറുപ്പായത്‌കൊണ്ടാണ് അതിനെ വെളുപ്പിനോട് ഉപമിക്കാത്തത്. കറുപ്പ് മോശമാണെന്ന് എവിടെയെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടോയെന്നും ഷൈൻ ചോദിച്ചു. ''തന്നെയെന്തിന് ചക്കരയോട് ഉപമിച്ചു എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്. സാദൃശ്യം തോന്നാത്ത ഒന്നിനോട് ഉപമിക്കാൻ പാടില്ലല്ലോ''- ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. മമ്മൂട്ടി ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞത് അതിന്റെ കളറിനെ ഉദ്ദേശിച്ചിട്ടല്ലെന്നും മമ്മൂട്ടി അക്കാര്യം തമാശയായി പറഞ്ഞതാണെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.
കൃഷ്ണനെ കാർവർണനെന്നാണ് ഉപമിക്കാറുള്ളത്. കടും നീലകളറുള്ള അല്ലെങ്കിൽ വളരെ മഞ്ഞ കളറുള്ള സാധനമായി ഉപമിക്കുമോയെന്നും അഭിമുഖത്തിൽ ഷൈൻ ചോദിക്കുന്നുണ്ട്. ക്രിസ്റ്റഫർ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ സംസാരിക്കവേ മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോൾ, നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല കറുത്ത ശർക്കര എന്നേ വിളിക്കുകയുള്ളൂവെന്ന് മമ്മൂട്ടി പ്രതികരിച്ചു. ശർക്കര എന്ന് പറഞ്ഞാൽ കരിപ്പെട്ടിയാണ്, ആരേലും അങ്ങനെ ഒരാളെ പറ്റി പറയുമോ? ഞാൻ തിരിച്ച് പറഞ്ഞാൽ എങ്ങനെയുണ്ടാവുമെന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്. ഇതിനെ ചൊല്ലി മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങളാണുയർന്നത്. വിവാദ പരാമർശത്തെ അടിസ്ഥാനമാക്കി മമ്മൂട്ടിക്കെതിരെ നിരവധി ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു.