ഇനിയാണ് യഥാര്‍ഥ പ്രശ്നം തുടങ്ങുന്നത്, നീതി കിട്ടുന്നതുവരെ മുന്നോട്ടുപോകും: ഐഷ സുല്‍ത്താന

'രണ്ട് വർഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി റിലീസ് ചെയ്യാൻ പോവുകയാണെന്ന് അറിഞ്ഞതില്‍ സന്തോഷം'

Update: 2023-06-13 11:43 GMT

ഐഷ സുല്‍ത്താന

Advertising

വിവാദങ്ങള്‍ക്ക് വിരാമമായെന്നും ഫ്ലഷ് എന്ന സിനിമ ജൂണ്‍ 16ന് തിയേറ്ററുകളില്‍ എത്തുമെന്നുമുള്ള നിര്‍മാതാവ് ബീനാ കാസിമിന്‍റെ പ്രഖ്യാപനത്തിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന. രണ്ട് വർഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചുവെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി റിലീസ് ചെയ്യുകയാണെന്ന് ഐഷ പറഞ്ഞു. ഇനിയാണ് യഥാർഥ പ്രശ്നം തുടങ്ങുന്നതെന്നും നീതി കിട്ടുന്നതുവരെ മുന്നോട്ടുപോകുമെന്നും ഐഷ ഫേസ് ബുക്കില്‍ കുറിച്ചു.

സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ പകുതി ലക്ഷദ്വീപിലെ രോഗികളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കണമെന്ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുന്‍പ് സമ്മതിച്ച കാര്യം ചെയ്യണമെന്നാണ് ബീനാ കാസിമിനോട് ഐഷ ആവശ്യപ്പെട്ടത്. ഈ സിനിമയില്‍ അഭിനയിച്ചവര്‍ക്ക് പ്രതിഫലം കൊടുത്തിട്ടില്ല.

ലക്ഷദ്വീപിന്റെ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണവര്‍. സാങ്കേതിക പ്രവര്‍ത്തകരും കുറഞ്ഞ പ്രതിഫലമേ വാങ്ങിയിട്ടുള്ളൂ. താനും പ്രൊഡക്ഷൻ കൺട്രോളറും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. തനിക്ക് ആ സിനിമയില്‍ നിന്ന് ഒരു രൂപ പോലും വേണ്ട. എന്നാല്‍ നിര്‍മാതാവ് നേരത്തെ തന്ന വാഗ്ദാനം പാലിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിൽ ചികിത്സാസൌകര്യം ഇല്ലാത്തതിനാല്‍ കേരളത്തിൽ എത്തികൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് സിനിമയുടെ ലാഭവിഹിതത്തിന്‍റെ പകുതി നല്‍കണമെന്നാണ് ഐഷ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനം ഉടനെയുണ്ടാക്കണം. ഇല്ലെങ്കിൽ ഈ സിനിമ പൂർണമായിട്ടും തങ്ങൾക്ക് വിട്ടുതരണം. ഇത് അപേക്ഷ അല്ലെന്നും തന്‍റെയും നാട്ടുകാരുടെയും അവകാശമാണെന്നും ഐഷ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

വിവാദങ്ങൾക്ക് വിരാമം, ഫ്ലഷ് ഈ വരുന്ന 16ന് തിയറ്ററിലേക്ക് പോലും...

എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാൽ മതിയോ? ഇനിയാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകും. രണ്ട് വർഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി ഈ വരുന്ന 16ന് റിലീസ് ചെയ്യാൻ പോവാണെന്ന് അറിഞ്ഞു. അത് കേട്ടതിൽ വളരെയധികം സന്തോഷം. എന്നാൽ ലക്ഷദ്വീപിൽ കാലങ്ങളായി ഞങ്ങൾ ദ്വീപുകാർ അനുഭവിക്കുന്ന ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട ഹോസ്പിറ്റൽ ഫെസിലിറ്റീസുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞാനീ സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ ഈ സിനിമയിൽ കൂടി ബീനാ കാസിം എന്ന പ്രൊഡ്യൂസറിന് എന്ത് ലാഭം കിട്ടിയാലും അതിന്റെ നേർ പകുതി ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്ത് കേരളത്തിൽ എത്തികൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കണം. കൊടുത്തേ പറ്റുള്ളൂ, ഈ കാര്യത്തിലൊരു തീരുമാനം നിങ്ങൾ ഉടനെ ഉണ്ടാക്കണം. ഇല്ലെങ്കിൽ ഈ സിനിമ പൂർണമായിട്ടും ഞങ്ങൾക്ക് വിട്ട് തരണം. ഇതൊരിക്കലും നിങ്ങളോട് ഞാൻ റിക്വസ്റ്റ് ചെയ്യുന്നതല്ല, ഇതെന്റെ അവകാശമാണ്, എന്റെ നാട്ടുകാരുടെ ആവശ്യമാണ്‌.

ഈ സിനിമയെ നിങ്ങൾ കൊന്ന് കളഞ്ഞില്ലേ.

ഇനി ആ ബോഡി കൊണ്ടെങ്കിലും എന്റെ നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടാവട്ടെ...

(കിട്ടുന്ന ലാഭത്തിന്റെ നേർ പകുതി രോഗികൾക്ക് കൊടുക്കണമെന്നത് ഞാനി ഈ സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ ബീനാ കാസിനോട്‌ ആവശ്യപ്പെട്ടതും അവരത് ചെയ്യാം എന്ന് സമ്മതിച്ചതുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ സിനിമയിൽ അഭിനയിച്ച ആര്‍ടിസ്റ്റ് ആർക്കും തന്നെ ക്യാഷ് കൊടുത്തിരുന്നില്ല, അവരും ദ്വീപിന്റെ ഈ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണ്, എന്റെ ടെക്നിഷ്യൻമ്മാരും സാലറി വളരെ കുറച്ചാണ് വർക്ക്‌ ചെയ്തത്, ഞാനും പ്രോഡക്ഷൻ കൺഡ്രോളറും ഒരു രൂപ പോലും വാങ്ങിട്ടില്ല, ഇനി വാങ്ങുകയുമില്ല. എന്നാൽ അവർ ഞങ്ങൾക്ക് തന്ന വാക്ക് പാലിക്കണം... ഇപ്പോഴത്തെ അവരുടെ നാടകത്തിൽ പെട്ട് ഞാനത് വിടാൻ ഉദ്ദേശിക്കുന്നില്ല... അത്രതന്നെ


വിവാദങ്ങൾക്ക് വിരാമം, flush ഈ വരുന്ന 16 ന് തിയറ്ററിലേക്ക് പോലും... എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാൽ...

Posted by Aisha Lakshadweep on Monday, June 12, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News