എന്‍റെ ശബ്ദം, ലുക്ക്.. അരക്ഷിതത്വം തോന്നിയിരുന്നു, ആത്മവിശ്വാസം തന്നത് അല്‍ഫോണ്‍സ് പുത്രന്‍: സായ് പല്ലവി
"എനിക്ക് മാനേജറില്ല. സംവിധായകരോടും നിര്‍മാതാക്കളോടും ഞാന്‍ തന്നെയാണ് സംസാരിക്കുന്നത്"
പ്രേമത്തില്‍ അഭിനയിക്കുന്നതിനു മുന്‍പ് താന്‍ ഒരുപാട് അരക്ഷിതത്വങ്ങളുള്ള (ഇന്‍സെക്വര്‍) വ്യക്തിയായിരുന്നുവെന്ന് നടി സായ് പല്ലവി. ശബ്ദം, ലുക്ക് എന്നിവയെ കുറിച്ചൊന്നും തീരെ ആത്മവിശ്വാസമില്ലായിരുന്നു. പ്രേമത്തില്‍ അഭിനയിച്ചതോടെയാണ് മാറ്റം വന്നത്. പ്രേമത്തിന്‍റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് തനിക്ക് ആത്മവിശ്വാസമേകിയതെന്നും സായ് പല്ലവി പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം.
പ്രേമം കണ്ട് പ്രേക്ഷകര്‍ കയ്യടിക്കുന്നതു കണ്ടതോടെയാണ് ചിന്തകള്‍ മാറിയത്. പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് അഭിനയവും കഥാപാത്രവുമാണെന്നും സൌന്ദര്യല്ലെന്നും വ്യക്തമായി- "പ്രേമത്തിന്‍റെ ആദ്യ ഷോ കാണാന്‍ ഞാനും പോയിരുന്നു. ജോര്‍ജിയയിലായിരുന്നു ഞാന്‍. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ കയ്യടിയുണ്ടായി. എന്നെ കണ്ടിട്ടാണ് ആളുകള്‍ കയ്യടിക്കുന്നതെന്ന് മനസിലായപ്പോള്‍ ആശ്ചര്യം തോന്നി. അന്നെനിക്ക് മനസ്സിലായി ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന്. കഥാപാത്രവും നമ്മുടെ അഭിനയവുമാണ് അവര്‍ ശ്രദ്ധിക്കുന്നത്".
സംവിധായകന്‍ നമ്മളെ സിനിമയിലേക്ക് വിളിക്കുന്നത് നമ്മളില്‍ പ്രതീക്ഷയുള്ളതുകൊണ്ടാണ്. പ്രേമം ഇറങ്ങിയ ശേഷം തന്‍റെ ആത്മവിശ്വാസം വര്‍ധിച്ചെന്നും അതിനുകാരണം അല്‍ഫോണ്‍സ് പുത്രനാണെന്നും സായ് പല്ലവി പറഞ്ഞു. മേയ്ക്കപ്പിടാതിരിക്കുന്നതാണ് തനിക്ക് ആത്മവിശ്വാസം. ചിലര്‍ക്ക് മേയ്ക്കപ്പ് ഇടുന്നതായിരിക്കും ആത്മവിശ്വാസം നല്‍കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്ന് സായ് പല്ലവി പറഞ്ഞു.
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഹിന്ദി സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. കഥാപാത്രങ്ങള്‍ നമ്മളെ തേടിവരികയാണ് ചെയ്യുന്നത്. ഇന്ത്യയിലേ ഉണ്ടായിരുന്ന ആളല്ല താന്‍. ഡാന്‍സ് വീഡിയോ കണ്ടാണ് സിനിമയിലേക്ക് വിളി വരുന്നത്. തനിക്ക് മാനേജറില്ല. സംവിധായകരോടും നിര്‍മാതാക്കളോടും താന്‍ തന്നെയാണ് സംസാരിക്കുന്നത്. സ്വന്തം കാര്യങ്ങള്‍ സ്വയം മാനേജ് ചെയ്യാന്‍ പറ്റുന്നുണ്ടെന്നും സായ് പല്ലവി പറഞ്ഞു.