സിനിമ കാണാതെ ഉള്ളടക്കം കണ്ടുപിടിക്കാന്‍ വല്ല ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും? ഡോ.ബിജു
20 വർഷമായി സിനിമയേ കണ്ടിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് പുതിയ സിനിമകൾക്ക് അർഥമില്ലെന്ന് പറയുകയെന്ന് ഡോ.ബിജു
20 വർഷമായി സിനിമയേ കണ്ടിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് പുതിയ സിനിമകൾക്ക് അർഥമില്ലെന്നും സന്ദേശമില്ലെന്നും പ്രസ്താവന നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാനോട് സംവിധായകന്‍ ഡോ.ബിജു. സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനുള്ള പുതിയ ശാസ്ത്രം വല്ലതും ഇറങ്ങിയിട്ടുണ്ടോ? ഇനി വല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസും? അല്ലാതെ രണ്ടു പതിറ്റാണ്ടായി സിനിമ കാണാത്ത ഒരാൾക്ക് ഇപ്പോഴത്തെ സിനിമകളെ വിലയിരുത്താൻ എങ്ങനെയാണ് സാധിക്കുക? ഇത് പറഞ്ഞിരിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി ആണെന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും ഡോ.ബിജു കുറിച്ചു.
കലാപരമായും വാണിജ്യപരമായും ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ടെന്ന് ഡോ.ബിജു പറഞ്ഞു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ പലതിലും മലയാള സിനിമകൾ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇടം നേടിയിട്ടുണ്ട്. മറ്റൊരു ഭാഷയിലെ സിനിമകളും പ്രധാന ചലച്ചിത്ര മേളകളിൽ ഇത്രയധികം സാന്നിധ്യം അറിയിച്ചിട്ടുണ്ടാവില്ലെന്നും ഡോ.ബിജു പറഞ്ഞു. കാന്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിവിധ വിഖ്യാത ചലച്ചിത്ര മേളകളില്‍ അംഗീകാരം ലഭിച്ച മലയാള സിനിമകളുടെ പട്ടിക അദ്ദേഹം പങ്കുവെച്ചു.
ഡോ.ബിജുവിന്‍റെ കുറിപ്പ്
ഒരാൾ കഴിഞ്ഞ ഇരുപത് വർഷങ്ങളായി സിനിമകൾ കാണാറില്ല എന്നത് ഒരു വലിയ കുറ്റം ഒന്നുമല്ല. ഒരാൾ എന്ത് കാണണം കാണേണ്ട എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. അതിനുള്ള വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ പ്രശ്നം അതല്ല. ഇരുപത് വർഷമായി സിനിമയേ കണ്ടിട്ടില്ലാത്ത ഒരാൾ എങ്ങനെയാണ് പുതിയ സിനിമകൾക്ക് അർത്ഥമില്ല അവയിൽ സന്ദേശമില്ല എന്നൊക്കെ കണ്ടുപിടിച്ചു പ്രസ്താവന നടത്തുന്നത്. സിനിമ കാണാതെ സിനിമയുടെ ഉള്ളടക്കം കണ്ടുപിടിക്കാനുള്ള പുതിയ ശാസ്ത്രം വല്ലതും ഇറങ്ങിയിട്ടുണ്ടോ . ഇനി വല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസും? അല്ലാതെ രണ്ടു പതിറ്റാണ്ടായി സിനിമ കാണാത്ത ഒരാൾക്ക് ഇപ്പോഴത്തെ സിനിമകളെ വിലയിരുത്താൻ എങ്ങനെയാണ് സാധിക്കുക . ഇത് പറഞ്ഞിരിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി ആണെന്നത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു. സിനിമ വകുപ്പിന്റെ മന്ത്രി സിനിമകൾ കാണുന്ന ആളായിരിക്കണം എന്ന നിർബന്ധം ഒന്നുമില്ല (ആണെങ്കിൽ കൂടുതൽ നന്ന്)
പക്ഷെ സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സിനിമകൾ കാണാതെ സിനിമകളെപ്പറ്റി "ആധികാരിക " അഭിപ്രായം പറയുന്നു എന്നതും , ആ വകുപ്പിന്റെ മന്ത്രിയ്ക്ക് സിനിമാ മേഖലയിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റിയോ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ മലയാള സിനിമകൾക്ക് ലഭിച്ച നേട്ടങ്ങളെപ്പറ്റിയോ ഒന്നും ധാരണ ഇല്ല എന്നതും ഒരു ശരിയായ രീതി അല്ല.
കലാപരമായും വാണിജ്യപരമായും ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട് . മുഖ്യധാരാ സിനിമകളിൽ മറ്റുള്ള ഭാഷകളിലെ സിനിമാ പ്രവർത്തകർ ഏറെ വിലമതിക്കുന്ന ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് മലയാളത്തിലാണ്. മലയാളത്തിൽ നിന്നും തിയറ്ററുകളിൽ വിജയം നേടുന്ന ഒട്ടേറെ സിനിമകളുടെ പ്രമേയപരവും കലാപരവുമായ മേന്മ മറ്റു ഭാഷയിലുള്ള സിനിമാ പ്രവർത്തകർ അതിശയത്തോടെ ആണ് നോക്കിക്കാണുന്നത്.
മലയാളത്തിലെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന പുതിയ തലമുറയിലെ നടീ നടന്മാരും സംവിധായകരും സാങ്കേതിക പ്രവർത്തകരും ഒക്കെ മികച്ച സിനിമകൾ ആണ് നല്കികൊണ്ടിരിക്കുന്നത് . ഇന്ത്യയിലെ മറ്റു ഭാഷയിലെ മുഖ്യ ധാരാ സിനിമാ പ്രവർത്തകർ ഉറ്റു നോക്കുന്ന ഒരു ഇൻഡസ്ട്രിയായി മലയാള സിനിമ മാറി കഴിഞ്ഞിട്ട് വർഷങ്ങളായി.
ഒപ്പം തന്നെ മലയാളത്തിലെ സമാന്തര ആർട്ട് ഹൗസ് സിനിമാ വിഭാഗം നോക്കിയാൽ കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ ദേശീയമായും അന്തർദേശീയമായും മികച്ച നേട്ടങ്ങൾ കൈവരിച്ച ഒട്ടേറെ സിനിമകൾ ഉണ്ടായിട്ടുള്ളത് മലയാളത്തിൽ ആണെന്ന് കാണാം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ പലതിലും മലയാള സിനിമകൾ കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ ഇടം നേടിയിട്ടുണ്ട്. മറ്റൊരു ഭാഷയിലെ സിനിമകളും പ്രധാന ചലച്ചിത്ര മേളകളിൽ ഇത്രയധികം സാന്നിധ്യം അറിയിച്ചിട്ടുണ്ടാവുക ഇല്ല. കഴിഞ്ഞ ഇരുപതു വർഷത്തെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കു. FIAPF ന്റെ ആദ്യ പതിനാലു ചലച്ചിത്രമേളകളിൽ മലയാള സിനിമകളുടെ 2003 മുതലുള്ള നേട്ടങ്ങൾ ഇവയാണ് .
കാൻ ഫെസ്റ്റിവൽ - അരിമ്പാറ (2003 ), സൈറ (2007 ), ബെർലിൻ - പപ്പിലിയോ ബുദ്ധ (2013 ), ഒറ്റാൽ (2015 ). ജനറേഷൻ പ്ലസ് എന്ന വിഭാഗത്തിൽ ഒറ്റാൽ ക്രിസ്റ്റൽ ബിയർ പുരസ്കാരവും നേടി. വെനീസ് - ചോല (2019) , ഷാങ്ഹായി - പ്രധാന മത്സര വിഭാഗത്തിൽ ആകാശത്തിന്റെ നിറം (2012 ) , വെയിൽമരങ്ങൾ (2019 ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള ഗോൾഡൻ ഗൊബ്ലറ്റ് പുരസ്കാരം വെയിൽ മരങ്ങൾ നേടി , ഏഷ്യൻ മത്സര വിഭാഗത്തിൽ ടി ഡി ദാസൻ (2011 ) , മത്സരേതര വിഭാഗത്തിൽ അകം (2012 ) , സുഡാനി ഫ്രം നൈജീരിയ (2019 ) , ഹാസ്യം (2020 ), ലൊക്കാർണോ - അറിയിപ്പ് (2022 ), ഫജർ ഇറാൻ - ആദാമിന്റെ മകൻ അബു (2012) , ആകാശത്തിന്റെ നിറം (2013 ) പേരറിയാത്തവർ (2015 ), മികച്ച നടനുള്ള ക്രിസ്റ്റൽ സിമോർഗ് പുരസ്കാരം പേരറിയാത്തവർ നേടി , കാർലോവിവാരി - ദൈവനാമത്തിൽ (2006 ) , കെയ്‌റോ - പാഠം ഒന്ന് ഒരു വിലാപം (2003 ), രാമൻ (2009 ), വീട്ടിലേക്കുള്ള വഴി (2010 ) ഒറ്റയാൾ പാത (2016 ), മോസ്‌കോ , മൊൺട്രിയൽ മേളകൾ മുൻപ് FIAPF ന്റെ ആദ്യ പതിനാലു മേളകളിൽ പെട്ടവ ആയിരുന്നുവെങ്കിലും ഇപ്പോൾ അതിൽ പെടുന്നില്ല എന്നതിനാൽ ആ മേളകളിലെ മലയാള സിനിമകളുടെ സാന്നിധ്യം പേരെടുത്തു സൂചിപ്പിക്കുന്നില്ല.
ലോകത്തെ ഏറ്റവും പ്രധാന മേളകളിൽ കഴിഞ്ഞ ഇരുപതു വർഷത്തിൽ ഇത്രയേറെ സിനിമകൾ സാന്നിധ്യമുണ്ടായിട്ടുള്ള മറ്റു ഇന്ത്യൻ ഭാഷ ഉണ്ടാകില്ല. ഇനി കഴിഞ്ഞ ഇരുപതു വർഷത്തെ ദേശീയ പുരസ്കാരങ്ങൾ എടുത്തു നോക്കു . ഈ കാലയളവിൽ ലഭിച്ച പ്രധാന പുരസ്കാരങ്ങൾ ഇവയൊക്കെ ആണ് . മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നാല് തവണ - പുലിജന്മം (2006 ), കുട്ടി സ്രാങ്ക് (2009 ) , ആദാമിന്റെ മകൻ അബു (2010 ), മരക്കാർ അറബിക്കടലിന്റെ സിംഹം (2019 ), മികച്ച സംവിധായകൻ മൂന്ന് തവണ - അടൂർ ഗോപാലകൃഷ്ണൻ (2007 ), ജയരാജ് (2017 ), സച്ചി (2020 ),മികച്ച നവാഗത സംവിധായകൻ നാല് തവണ - രാജീവ് വിജയരാഘവൻ (2003 ) , മധു കൈതപ്രം (2006 ), സിദ്ധാർഥ് ശിവ (2012 ) മാത്തുക്കുട്ടി സേവിയർ (2019 ),
മികച്ച പരിസ്ഥിതി ചിത്രം നാല് തവണ - ബ്ളാക്ക് ഫോറസ്റ്റ് (2012), പേരറിയാത്തവർ (2013 ), ഒറ്റാൽ (2014 ), വലിയ ചിറകുള്ള പക്ഷികൾ (2015), മികച്ച ഫാമിലി വെൽഫെയർ സിനിമ രണ്ടു തവണ - പാഠം ഒന്ന് ഒരു വിലാപം (2003 ) , കറുത്ത പക്ഷികൾ (2006), ബെസ്ററ് ഫിലിം ഓൺ സോഷ്യൽ ഇഷ്യൂസ് നാല് തവണ - പെരുമഴക്കാലം (2004 ),സ്പിരിറ്റ് (2012 ) , നിർണായകം (2015 ), ആളൊരുക്കം (2017 ) മികച്ച ദേശീയോദ്ഗ്രഥന ചിത്രം രണ്ടു തവണ - ദൈവനാമത്തിൽ (2005 ) , തനിച്ചല്ല ഞാൻ (2012), കഴിഞ്ഞ ഇരുപതു വർഷ കാലയളവിൽ രണ്ടു നടന്മാർക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു - സലിം കുമാർ (2010 ) , സുരാജ് വെഞ്ഞാറമൂട് (2013 ) , മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു പേർക്ക് ലഭിച്ചു - മീര ജാസ്മിൻ (2003 ) , സുരഭി ലക്ഷ്മി (2016 ).
കഴിഞ്ഞ ഇരുപതു വർഷത്തെ മലയാള സിനിമയുടെ അന്തർദേശീയ ദേശീയ അടയാളപ്പെടുത്തലുകൾ ആണ് ഇത്. ഇതൊക്കെയും തമസ്കരിച്ചു കൊണ്ട് മലയാളത്തിൽ പുതിയതായി നല്ല സിനിമകൾ ഉണ്ടാകുന്നില്ല, അർത്ഥമില്ല, സന്ദേശം ഇല്ല എന്നൊക്കെ സ്റ്റേറ്റ്മെന്റ് നടത്തുന്നത് സിനിമാ വകുപ്പിന്റെ ചുമതല കൂടിയുള്ള സാംസ്കാരിക വകുപ്പ് മന്ത്രിയാകുമ്പോൾ അത് അത്ര ലളിതമായി കണക്കാക്കാൻ സാധിക്കില്ല. മന്ത്രിക്ക് ഈ വക കാര്യങ്ങളും ചരിത്രവും ചിലപ്പോൾ അറിയില്ലായിരിക്കാം. പക്ഷെ അറിയില്ലെങ്കിൽ അത് മനസ്സിലാക്കാൻ ശ്രമിക്കണം. അറിയാത്ത കാര്യങ്ങളിൽ അനുചിതമായ അറിവില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് ഒരു ഉത്തരവാദിത്തപ്പെട്ട ഭരണ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ല. അറിവില്ലാത്ത കാര്യങ്ങളിൽ മൗനം പാലിക്കാനുള്ള വിവേകം എങ്കിലും കുറഞ്ഞ പക്ഷം പുലർത്തണം. നമ്മൾ കണ്ടിട്ടില്ല എന്നത് കൊണ്ട് അതൊന്നും നില നിൽക്കുന്നില്ല, പുതുതായി ഒന്നും ഉണ്ടാവുന്നില്ല എന്നൊക്കെയുള്ള ചിന്ത എന്ന അബദ്ധ ധാരണ ആണ്. ഇതൊക്കെ മാറണമെങ്കിൽ തങ്ങളുടെ ചുമതലയിൽ ഉള്ള കാര്യങ്ങളെപ്പറ്റി ചെറിയ രീതിയിൽ എങ്കിലും പഠിക്കാൻ ഉള്ള ശ്രമം ഉണ്ടാവണം .
വാൽക്കഷണം - എല്ലാ വർഷവും കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേള നടക്കുമ്പോൾ ഉദ്ഘാടന സമാപന ചടങ്ങുകളിൽ മാത്രം വന്നു പ്രസംഗിച്ചു പോകുക എന്ന നടപടിക്രമം അല്ലാതെ ഇടയ്ക്കെങ്കിലും ഒന്നോ രണ്ടോ സിനിമകൾ ഐ.എഫ്.എഫ്.കെയിൽ കാണാൻ ശ്രമിച്ചാൽ സമകാലിക സിനിമകളെക്കുറിച്ചുള്ള ധാരണകൾ കുറച്ചൊക്കെ മാറി കിട്ടും. രണ്ടു പതിറ്റാണ്ടു മുന്നോട്ട് അപ്‌ഡേഷനും ലഭിക്കും.