''ജീവന്‍ പണയപ്പെടുത്തി ചെയ്തത്, 'സാറാസ്' ഒരുഗ്രന്‍ ചിരിപ്പടമല്ല'' റിലീസിന് മുമ്പ് കുറിപ്പുമായി ജൂഡ് ആന്‍റണി ജോസഫ്

തിയേറ്റര്‍ പൂരപ്പറമ്പാക്കുന്ന ഒരു ചിത്രം ഉടന്‍ ചെയ്യാനാകും എന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു

Update: 2021-07-04 15:06 GMT
Editor : Roshin | By : Web Desk
Advertising

ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാറാസ്. അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ജൂലൈ അഞ്ചിന് പ്രേക്ഷകരിലെത്തും. ട്രെയിലര്‍ സൂചിപ്പിക്കുന്നത് പോലെ ഒരു സാധാരണ ചിരിപ്പടമല്ല സാറാസ് എന്നും ജീവന്‍ പണയപ്പെടുത്തി ചെയ്തത് എന്ന് പറയാന്‍ സാധിക്കുന്ന ചിത്രമാണിതെന്നും സംവിധായകന്‍ കുറിക്കുന്നു. തിയേറ്റര്‍ പൂരപ്പറമ്പാക്കുന്ന ഒരു ചിത്രം ഉടന്‍ ചെയ്യാനാകും എന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.

ജൂഡ് ആന്‍റണി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 February 7ന് ' ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 September 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്. നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തീയേറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സാറാസ്, ട്രൈലറില്‍ കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. നാളെ ഈ സമയത്ത് സാറാസിന്‍റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അത് എന്തു തന്നെ ആയാലും, പൂര്‍ണ മനസോടെ ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തില്‍ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതില്‍ തെറ്റില്ല. 🙂

ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക.

കണ്ടിട്ട് ഇഷ്ടമായാല്‍ /ഇല്ലെങ്കിലും മെസേജ് അയക്കുക/വിളിക്കുക.

ഒത്തിരി സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

ജൂഡ്.


Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News