ഞാനൊരു വിശ്വാസിയാണ്, പക്ഷേ ഹനുമാന്‍ വന്ന് കസേരയില്‍ ഇരിക്കുമെന്ന് പറയുന്നതിനോട് യോജിപ്പില്ല: രാജസേനന്‍

ഇതൊന്നും കേരളത്തില്‍ സംഭവിക്കുന്നതല്ലെന്നും ഇതെല്ലാം വിശ്വസിക്കുന്ന ചിലയാളുകള്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടെന്നും അവരാണിതെല്ലാം ഏറ്റെടുക്കുന്നതെന്നും രാജസേനന്‍ ചൂണ്ടിക്കാട്ടി.

Update: 2023-06-28 11:12 GMT
Editor : vishnu ps | By : Web Desk
Advertising

കൊച്ചി: ആദിപുരുഷ് സിനിമയുടെ പ്രൊമോഷനെതിരെ സംവിധായകന്‍ രാജസേനന്‍. താനൊരു ഈശ്വര വിശ്വാസിയാണ്, പക്ഷേ ഹനുമാന്‍ വന്ന് കസേരയില്‍ ഇരിക്കുമെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും, അതൊരു പ്രൊമോഷന്‍ ടെക്‌നിക്കാണെന്നും രാജസേനന്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതൊന്നും കേരളത്തില്‍ സംഭവിക്കുന്നതല്ലെന്നും ഇതെല്ലാം വിശ്വസിക്കുന്ന ചിലയാളുകള്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടെന്നും അവരാണിതെല്ലാം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഒരു സിനിമ ഇറങ്ങുമ്പോള്‍ അതിനകത്ത് ഒരു മതത്തിനെ കൊണ്ടുവന്ന് കണക്ട് ചെയ്യേണ്ട ആവശ്യമില്ല. ഇസ്ലാമിനും ഇസ്ലാമിന്റേതായ പ്രശ്‌നങ്ങള്‍ പറയുന്ന സിനിമ ചെയ്യാം, ക്രിസ്ത്യാനിക്കും ചെയ്യാം, ഹിന്ദുവിനും ചെയ്യാം. ഫിലിം ഫെസ്റ്റിവലിനൊക്കെ പോകുമ്പോള്‍ അത്തരം സിനിമകള്‍ ധാരാളം കാണുന്നുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്‌നവുമില്ല. പബ്ലിക് തീയേറ്ററില്‍ ഇതൊരു കച്ചവടമായി പോകുമ്പോഴാണ് ഈ ഒരു പ്രശ്‌നം വരുന്നത്. ടാര്‍ഗറ്റ് ചെയ്ത് സിനിമയെടുത്താലും പ്രശ്‌നം വരും.'' രാജസേനന്‍ പറഞ്ഞു.

കശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ സിനിമകള്‍ കണ്ടില്ലെന്നും പക്ഷേ, ഈ സിനിമകളിലെല്ലാം സത്യവും അതിശയോക്തിയും ഒരേപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഈ സിനിമകള്‍ ഇറങ്ങിയതുകൊണ്ട് പ്രക്ഷോഭങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടില്ല. ചില കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് തന്നെ സംസാരിക്കേണ്ടിവരും. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമാണ്. ഒരു സമുദായത്തെക്കുറിച്ച് സിനിമ വരുമ്പോള്‍ പ്രക്ഷോഭമുണ്ടാകുമെന്ന് പറയുന്നതിനേക്കാള്‍, ആ സിനിമ കാണാതിരുന്നാല്‍ പോരേ? അല്ലാതെ അങ്ങനെ ഒരു സിനിമ ചെയ്യരുതെന്ന് ആര്‍ക്കും ആരോടും പറയാന്‍ കഴിയില്ല'' രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News