സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഗായകൻ എം ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക.

Update: 2021-12-26 07:42 GMT
Advertising

സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഗായകൻ എം ജി ശ്രീകുമാറാണ് സംഗീത നാടക അക്കാദമി ചെയർമാനാകുക.

രഞ്ജിത്തിനെ നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയാക്കാതിരുന്നത്.

കമലിന്‍റെ കാലാവധി ഉടന്‍ അവസാനിക്കാനിരിക്കെയാണ് രഞ്ജിത്തിന്‍റെ നിയമനം. സാധാരണ മൂന്നു വര്‍ഷമാണ് കാലാവധി. 2016ലായിരുന്നു കമലിന്‍റെ നിയമനം. കമലിന് കാലാവധി നീട്ടിനല്‍കുകയുണ്ടായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് രഞ്ജിത്തിന്‍റെ നിയമനം സംബന്ധിച്ച് ധാരണയായത്.

തിരക്കഥാകൃത്തായി പേരെടുത്ത ശേഷമാണ് രഞ്ജിത്ത് സംവിധായകനാകുന്നത്. 1987ൽ മെയ് മാസ പുലരി എന്ന സിനിമയ്ക്കാണ് ആദ്യം തിരക്കഥ എഴുതിയത്. 1993ൽ ദേവാസുരം എന്ന സിനിമ വഴിത്തിരിവായി മാറി. ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി.

2001ൽ ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകനായി. ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. മോഹൻലാൽ നായകനായ ഡ്രാമയാണ് രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. നടൻ എന്ന നിലയിലും രഞ്ജിത്ത് ശ്രദ്ധേയനായി. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് അഭിനയിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News