''ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചു, അവരോട് പറയാനുള്ളത് ഒന്നു മാത്രം''

സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ

Update: 2021-10-14 07:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിജു വില്‍സണെ നായകനാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ചരിത്രപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ടാണ് സിജുവിനെ നായകനാക്കിയത് എന്ന വിമര്‍ശകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് വിനയന്‍. ആക്ഷനു മുൻതൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസ്സിൽ തട്ടുന്ന കഥയും മുഹുർത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊൻപതാം നൂറ്റാണ്ടെന്നും വിനയന്‍ പറയുന്നു.

വിനയന്‍റെ കുറിപ്പ്

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പത്താമത്തെ character poster ശ്രീ ഗോകുലം ഗോപാലൻ അഭിനയിക്കുന്ന പെരുമാൾ എന്ന കഥാപാത്രത്തിന്‍റേതാണ്. ചിത്രത്തിൽ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ.. ശ്രീനാരായണഗുരുവിനും മുൻപ് അധസ്ഥിതർക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.. 1859-ൽ ശിവലിംഗ പ്രതിഷ്ഠ നടത്താനും അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും പോലെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകാനും വേലായുധനു പ്രചോദനമായത് പെരുമാളിന്‍റെ ഉപദേശങ്ങളാണ്... പ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസ്സായിരുന്നു പെരുമാളിന്‍റേത്.

മറ്റു പല മേഖലകളിലും തന്‍റെ കയ്യൊപ്പു ചാർത്തിയിട്ടുള്ള ശ്രീ ഗോകുലം ഗോപാലൻ ഒരു അഭിനേതാവെന്ന നിലയിൽകൂടി തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാൾ. ഇതിനു മുൻപ് ഇന്ത്യൻ പനോരമ സെലക്ഷൻ നേടിയ നേതാജി എന്ന സിനിമയിൽ പ്രധാന വേഷം ചെയ്ത ഗോപാലേട്ടന് സിനിമാഭിനയം നന്നായി വഴങ്ങും എന്ന് പത്തൊൻപതാം നൂറ്റാണ്ടിലൂടെ തെളിയിക്കുന്നു.

നായകൻ സിജു വിൽസനെ കൂടാതെ ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ, ജാഫർ ഇടുക്കി, രാമു, സ്ഫടികം ജോർജ്ജ്, ടിനി ടോം, സുനിൽ സുഗത തുടങ്ങി പ്രശസ്തരായ നാൽപ്പതിലേറെ നടീ നടൻമാർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റേഴ്സ് ഇനിയും റിലീസ് ചെയ്യേണ്ടതായിട്ടുണ്ട്. അടുത്ത വർഷം ആദ്യ പാദത്തിൽ സിനിമയുടെ റിലീസിനു മുൻപ് അതു പൂർത്തിയാകും..

പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ജീവിതത്തിലൂടെ പോകുന്ന ഈ ചിത്രം ഒരു ആക്ഷൻ ഓറിയന്‍റഡ് ഫിലിം ആണ്. തെന്നിന്ത്യയിലെ പ്രഗത്ഭരായ സംഘട്ടന സംവിധായകർ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും വമ്പൻ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ഒക്കെ പങ്കെടുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്. ചില സുഹത്തുക്കൾ എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ എന്ന്. അവരോട് എനിക്കു പറയാനുള്ളത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ "ബാഹുബലി"യിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകൻ..... പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സൂപ്പർസ്റ്റാർ ആയത്.. താരമൂല്യത്തിന്‍റെ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ.. സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസിനസും പേരും ലഭിക്കൂ.. ആക്ഷനു മുൻതൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരീ മനസ്സിൽ തട്ടുന്ന കഥയും മുഹുർത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊൻപതാം നൂറ്റാണ്ട്..

പതിനാറു വർഷങ്ങൾക്കു മുൻപ് മലയാളസിനിമ ഇത്രയൊന്നും സാങ്കേതികമായി വളർന്നിട്ടില്ലാത്ത കാലത്ത് എന്‍റെ മനസ്സിൽ തോന്നിയ ഒരു ഫാൻറസി സ്റ്റോറി മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് "അത്ഭുതദ്വീപ്" എന്ന ചലച്ചിത്രമാക്കിയത് നിങ്ങൾക്കറിയാം... ഒത്തിരി പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വലിയ ക്യാൻവാസിൽ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ൽ റിലീസു ചെയ്ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചർച്ച ചെയ്യുന്നു എന്നത്.. എനിക്കേറെ പ്രചോദനം നൽകുന്ന ഒന്നാണ്.. അതിനേക്കാൾ എത്രയോ... എത്രയോ.. ഇരട്ടി ഭംഗിയായി സാങ്കേതിക തികവോടെ ഒട്ടനേകം താര സാന്നിധ്യത്തില്‍ ശ്രീ ഗോകുലം മൂവീസു പോലെ ശക്തമായ ഒരു നിർമ്മാണക്കമ്പനിയുടെ ബാനറിൽ സ്വപ്നതുല്യമായ ഒരു പ്രോജക്ടായി പത്തൊൻപതാം നൂറ്റാണ്ടു പൂർത്തിയാകുമ്പോൾ.. പ്രതീക്ഷകൾ വാനോളമാണ്.. അതിനെ അത്യാഗ്രഹമായി പറയാൻ പറ്റുമോ? എന്‍റെ ചില സിനിമാ സുഹൃത്തുക്കൾ ചേർന്ന് എനിക്കു നഷ്ടമാക്കിയ പത്തു പ്രൊഫഷണൽ വർഷങ്ങൾ, ഇപ്പോഴും എന്നെ വേട്ടയാടുന്ന അവരിൽ ചിലരുടെ ചെയ്തികൾ.. എല്ലാം മറികടന്ന് ജീവിതം തിരിച്ചു പിടിക്കുന്ന പ്രതീതി ഈ ചിത്രത്തിന്‍റെ റിലീസോടെ സാധ്യമാകും എന്ന പ്രതീക്ഷയിൽ ആണു ഞാൻ..

ശ്രീ ഗോകുലം മുവീസിനും ഒരു ഭാഗ്യ ചിത്രമായി പത്തൊൻപതാം നൂറ്റാണ്ടു മാറട്ടെ.. ഷൂട്ടു ചെയ്യുവാൻ ബാക്കിയുള്ള ക്ലൈമാകസ് ഭാഗങ്ങൾ മനസ്സിലുള്ളതു പോലെ ചിത്രീകരിക്കുവാൻ കഴിയട്ടെ...അതിനുവേണ്ടിയുള്ള പ്രാർത്ഥനയിലാണു ഞാൻ.. നിങ്ങൾ പ്രിയ സുഹൃത്തുക്കളും കൂടെ യുണ്ടാകണം.. സ്നേഹപൂർവ്വം..വിനയൻ

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News