'ഭിന്നശേഷിക്കാരെ അപമാനിച്ചു'; ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയ്‌ക്കെതിരെ കേസ്
സമൂഹമാധ്യമങ്ങളിലും പുറത്തും 'ലാൽ സിങ് ഛദ്ദ'യ്ക്കെതിരെ വൻ ബഹിഷ്‌കരണ ക്യാമ്പയിനാണ് നടന്നത്
ന്യൂഡൽഹി: ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന് ആരോപിച്ച് ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയ്‌ക്കെതിരെ കേസ്. ഡോക്ടേഴ്സ് വിത്ത് ഡിസെബിലിറ്റീസിന്റെ സഹസ്ഥാപകൻ ഡോ. സതേന്ദ്ര സിംഗിന്റെ പരാതിയിലാണ് കേസ്. എന്നാൽ ഇതു സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ', തപ്സി പന്നു അഭിനയിച്ച 'ശബാഷ് മിഥു' എന്നിവയുടെ സംവിധായകരിൽ നിന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്നും (സിബിഎഫ്സി) വികലാംഗ കമ്മീഷണർ അഭിപ്രായം തേടിയിട്ടുണ്ട്. ഇതുകൂടാതെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയവും വിഷയത്തിൽ വിശദീകരണം തേടി. ഭിന്നശേഷിക്കാരിൽ പ്രത്യേക കഴിവുള്ളവരെ ചിത്രം പരിഹസിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലും പുറത്തും 'ലാൽ സിങ് ഛദ്ദ'യ്ക്കെതിരെ വൻ ബഹിഷ്‌കരണ ക്യാമ്പയിനാണ് നടന്നത്.
2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം 'പി.കെ'യിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ക്യാമ്പയിൻ നടക്കുന്നത്. ഉത്തർപ്രദേശിൽ ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് വരാണസിയിൽ വിവിധ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബഹിഷ്‌ക്കരണ ക്യാമ്പയിനിൽ താരം തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തുകയുമുണ്ടായി. വലിയ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മണിക്കൂറുകളായി ഉറങ്ങിയിട്ടില്ലെന്നുമാണ് ദിവസങ്ങൾക്കു മുൻപ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
'ഞാൻ സർവ്വശക്തനോട് പ്രാർഥിക്കുന്നു. എൻറെ പ്രേക്ഷകരിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിൽ എനിക്ക് സങ്കടമുണ്ട്. ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആർക്കെങ്കിലും എന്റെ ചിത്രം കാണണമെന്നില്ലെങ്കിൽ, ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. മറ്റെന്താണ് ഞാൻ പറയുക? പക്ഷേ കൂടുതൽ ആളുകൾ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണത്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'- ആമിർ ഖാൻ പറഞ്ഞു.
നാല് വർഷത്തിനു ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം തിയറ്ററുകളിലെത്തുന്നത്. എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്ന് തിരക്കഥയെഴുതി അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിങ് ഛദ്ദ. കരീന കപൂറാണ് നായിക. തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റവും ചിത്രത്തിലുണ്ട്.