'അടൂരിനോടുള്ള വിയോജിപ്പ്, ഉദ്‌ഘാടന ചടങ്ങിനില്ല'; 'ബാക്കി വന്നവര്‍' സിനിമാ ടീം
സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ചിത്രവും ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്നും അടൂരിനോടുള്ള പ്രതിഷേധ സൂചകമായി പിന്‍വലിച്ചിരുന്നു
കണ്ണൂര്‍: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി 'ബാക്കി വന്നവര്‍' സിനിമയുടെ സംവിധായകന്‍ അമല്‍ പ്രാസി. പരിപാടി ഉദ്ഘാടനം ചെയ്യുന്ന ഗുരുതര കുറ്റാരോപിതനായ അടൂർ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചതായും 'ബാക്കി വന്നവര്‍' സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുക്കില്ലെന്നും അമല്‍ പ്രാസി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അമല്‍ ചലച്ചിത്ര മേളയിലെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ പ്രതിഷേധം അറിയിച്ചത്. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹനെ അടൂർ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ചിത്രവും ഹാപ്പിനസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്നും അടൂരിനോടുള്ള പ്രതിഷേധ സൂചകമായി പിന്‍വലിച്ചിരുന്നു.
'കണ്ണൂരിൽ വെച്ച് നടക്കുന്ന ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലിൽ ബാക്കി വന്നവർ എന്ന ഞങ്ങളുടെ ചിത്രത്തിന്‍റെ പ്രദർശനത്തിനൊപ്പം പരിപാടി ഉദ്ഘാടനം ചെയ്യുന്ന, ഗുരുതര കുറ്റാരോപിതനായ അടൂർ ഗോപാലകൃഷ്ണനോടുള്ള കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. 'ബാക്കി വന്നവരെ' പ്രതിനിധീകരിച്ചുകൊണ്ട് ആരും തന്നെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുമില്ല പിന്തുണക്കുന്നുമില്ല. സിനിമ ജനകീയ കല എന്ന നിലയിൽ എല്ലാവരും കാണണം എന്നതിനോടൊപ്പം തന്നെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്ന എല്ലാ അരാജകത്വങ്ങളെയും പാടെ എതിർക്കുന്നതിനാലാണ് വിയോജിപ്പ് നേരിട്ടെത്തി അറിയിച്ചത്. എന്നും ചവിട്ടേറ്റവന്‍റെയൊപ്പമേ നിൽക്കുന്നുള്ളൂ'; അമല്‍ പ്രാസി ഫേസ്ബുക്കില്‍ കുറിച്ചു.
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം പ്രതിഷേധമുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്‍റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്‌നങ്ങളാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്.