വിലായത്ത് ബുദ്ധയിൽ 'ഡബിൾ മോഹൻ' എത്തി; ലുക്ക് പുറത്ത്
മറയൂരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങി. ഒക്ടോബർ പത്തൊമ്പതിന് മറയൂരിൽ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തീയതിയാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഭാഗമായത്. പൃഥ്വിരാജ്- നയൻതാരാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അൽഫോൻസ് പുത്രൻ്റെ ഗോൾഡ് എന്ന ചിത്രത്തിൻ്റെ രണ്ടു ദിവസത്തെ ചിത്രീകരണം ദുബൈയിൽ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് മറയൂരിൽ എത്തി അഭിനയിച്ചു തുടങ്ങിയത്. ചന്ദനമരങ്ങളുടെ വിളനിലമായ മറയൂരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
നല്ല പഴക്കമുള്ള ഒരു ജീപ്പിൽ തലയെടുപ്പോടെ തീഷ്ണമായ ലക്ഷ്യവുമായി ഇരിക്കുന്ന പൃഥ്വിരാജിൻ്റെ ഫോട്ടോയാണ് ഡബിൾ മോഹൻ്റെ ആദ്യ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ കഥാപാത്രത്തിൻ്റെ ഏകദേശ സ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഫോട്ടോ. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങു തകർക്കുമ്പോൾ അത് കാത്തു വെച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകും.
രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്. അയ്യപ്പനും കോശിയിലേയും ഡ്രൈവറെ അവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത്. മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമിക്കുന്നത്. വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം, രാജശി നായർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പ്രിയംവദാകൃഷ്ണനാണ് നായിക.
ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെയ്ക്ക് ബിജോയിയുടേതാണ് സംഗീതം. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-ബംഗ്ളാൻ. മേക്കപ്പ്-മനുമോഹൻ, വസ്ത്രാലങ്കാരം- സുജിത് സുധാകർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടേർസ്-മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. പ്രൊജക്റ്റ് ഡിസൈനർ-മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ-രഘു സുഭാഷ് ചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-രാജേഷ് മേനോൻ, നോബിൾ ജേക്കബ്ബ്. പ്രൊഡക്ഷൻ കൺട്രോളർ-അലക്സ്.