നടന്മാർക്കെതിരായ മയക്കുമരുന്ന് ആരോപണം: നിർമ്മാതാക്കളുടേത് ഏകപക്ഷീയ അഭിപ്രായമെന്ന് മമ്മൂട്ടി
താരങ്ങൾക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്, സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരി ഉപയോഗമെന്നും മമ്മൂട്ടി
നടന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന നിർമ്മാതാക്കളുടെ ആരോപണം ഏകപക്ഷീയമാണെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. അഭിനേതാക്കൾ മാത്രമല്ല മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ലഹരി ഉപോയഗം സാമൂഹിക വിപത്താണെന്നും ഇത് ഒഴിവാക്കാൻ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാർത്ഥം നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.
താരങ്ങൾക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്, സിനിമയിലായാലും പുറത്തായാലും ഒരുരീതിയിലും അനുകൂലിക്കേണ്ട കാര്യമല്ല ലഹരിയെന്നും ഉപയോഗിക്കരുതെന്ന് ബോർഡ് എഴുതി വയ്ക്കാമെന്നല്ലാതെ ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും മമ്മൂട്ടി ചോദിച്ചു. ''ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. അതൊട്ടും ഗുണകരമായ കാര്യമല്ല. ഒരുതരത്തിലും അതിനെ അനുകൂലിക്കരുത്. ഇക്കാര്യത്തിൽ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ, സമൂഹം ഗൗരവതരമായി ഈ വിഷയം ആലോചിക്കേണ്ടതുണ്ട്.'' മമ്മൂട്ടി പറഞ്ഞു.
നവമാധ്യമങ്ങളിലെ അഭിമുഖങ്ങളുമായി ബന്ധപ്പെട്ട സമീപ കാലത്ത് ഉയർന്ന വിവാദങ്ങളിലും മമ്മൂട്ടി പ്രതികരിച്ചിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല. സാമാന്യ ധാരണയാണ് വേണ്ടത്. കേരളത്തിൽ ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല, ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം മതിയാകില്ല, ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. ഓൺലൈൻ അവതാരകയെ അധിക്ഷേപിച്ചതിനു പിന്നാലെയാണ് നടൻ ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. ശ്രീനാഥ് ഭാസിക്കെതിരെ വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ടി വ്യക്തമാക്കി.